മരണം കൊണ്ട് പോലും ഭാരതത്തെ അഭിമാനത്തിന്റെ കൊടുമുടികളിലേക്ക് എത്തിച്ച കല്പന ചൗള നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് ഇരുപതുവർഷം. ആകാശത്തെ പ്രണയിച്ചവൾ ഭൂമിക്കും ആകാശത്തിനും ഇടയിൽ വച്ച് മരണത്തെ പ്രാപിച്ചത് 2003 ഫെബ്രുവരി ഒന്നിനായിരുന്നു.
പതിനേഴു ദിവസത്തെ ഗവേഷണങ്ങൾക്കു ശേഷം 2003 ഫെബ്രുവരി ഒന്നിന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ തിരിച്ചിറങ്ങാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോൾ കൊളംബിയ ചിന്നിച്ചിതറുകയായിരുന്നു. കല്പനയുൾപ്പെടെയുള്ള ഏഴു ബഹിരാകാശ സഞ്ചാരികളും അപകടത്തിൽ മരണമടഞ്ഞു. അന്ന് ആ അവസാന യാത്രയിൽ കയ്യിൽ കരുതിയ ആല്ബങ്ങൾക്കൊപ്പം രവി ശങ്കറിന്റെ സിത്താർ ഈണങ്ങളുമുണ്ടായിരുന്നു.
അമേരിക്കൻ പൗരത്വത്തിൽ യാത്രയായ ഇന്ത്യയുടെ സംസ്കാരങ്ങളെ സ്നേഹിച്ച ഒരു 40 കാരിയുടെ ധീര മരണത്തിന്റെ കഥ. ലോകം എമ്പാടുമുള്ള സ്ത്രീകളുടെ ഓരോ കാൽ വയ്പ്പിനും ഊർജം പകരാൻ ആ കഥയ്ക്ക് ശക്തിയുണ്ട്. ഹരിയാനയിലെ ഇടത്തരം കുടുംബത്തിൽ ജനിച്ച കല്പന യാത്രകളെ ഒരുപാട് സ്നേഹിച്ചിട്ടുണ്ട്. വിമാനങ്ങളെ നോക്കി അതിൽ ഒന്ന് കയറണമെന്ന് ആഗ്രഹിച്ചിരുന്ന കുട്ടികലമായിരുന്നു അവരുടെ സ്വപ്നങ്ങൾക്ക് വളം ഇട്ടത്. പതിവായി പിതാവിനൊപ്പം പ്രാദേശിക ഫ്ളൈയിങ് സെന്ററുകൾ അവൾ സന്ദർശിച്ചു. ഒരുപാട് തവണ വിമാനങ്ങളെ കാണാനായി അവൾ അവസരം ഉണ്ടാക്കിയെടുത്തു. കുഞ്ഞ് കല്പന അതിന്റെ അത്ഭുതങ്ങളിൽ ഭ്രമിച്ചു മതിമറക്കാൻ തയാറായിരുന്നില്ല. അതിന്റെ ശാസ്ത്ര സത്യങ്ങളിലേക്ക് ജിജ്ഞാസയോടെ അവൾ കടന്നു ചെന്നു. അതിനുള്ള ശ്രോതസുകളും ഉറവിടങ്ങളും തന്റെ ചുറ്റുപാടിൽ പരിമിതമാണെന്ന് അവൾ അപ്പോഴേക്കും മനസിലാക്കിയിരുന്നു. അവൾ തനിക്കായി കണ്ടെത്തിയ ആപ്തവാക്യം ഈ സാഹചര്യത്തിൽ പ്രാപ്‍ബാല്യത്തിൽ കൊണ്ട് വരികയായിരുന്നു. ”നിങ്ങളുടെ സ്വപ്നങ്ങള്‍ പിന്തുടരുക” എന്നവൾ മനസ്സിൽ ഉറപ്പിച്ച് പറഞ്ഞ പഞ്ചാബ് എഞ്ചിനീയറിംഗ് കോളേജില്‍ എയറോനോട്ടിക്കല്‍ എഞ്ചിനീയറിംഗ് ഇൽ ചേരാൻ തയാറാകുന്നു. അങ്ങനെ, ആ കോളേജിൽ നിന്ന് എയറോനോട്ടിക്കല്‍ എഞ്ചിനീയറിംഗിൽ ബിരുദം നേടുന്ന ആദ്യ വനിതാ എന്ന ബഹുമതിയും അവൾ നേടിയെടുത്തു. അതിരുകൾ മറികടന്ന് ഭൂമിയുടെ പാളികളെ പോലും മറികടന്നു കൊണ്ടൊരു യാത്ര പോകാൻ അവൾ സഞ്ജമായിരിക്കുമ്പോൾ കേവലം രാജ്യത്തിൻറെ വരമ്പുകൾക്ക് എങ്ങനെ അവളെ തടയാനാകും. തന്റെ വിഷയത്തിൽ ബിരുദാന്തര ബിരുദം നേടാൻ അവൾ അമേരിക്കയിലേക്ക് യാത്രയായി. ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും പൂര്‍ത്തിയാക്കിയ ശേഷം 1988 മുതലാണ് നാസയില്‍ ജോലിയിൽ പ്രവേശിച്ചത്.
ജീവിതത്തില്‍ രണ്ടുതവണ ബഹിരാകാശത്തേക്ക് പോകാന്‍ അവസരം ലഭിച്ച ആദ്യ ഇന്ത്യന്‍ വനിതാകൂടിയാണ് കല്‍പ്പന ചൗള.
അങ്ങനെ കാലങ്ങൾക്ക് ശേഷം പറന്നുയരാൻ അവൾക്കും ഒരു അവസരം ലഭിക്കുന്നു. കല്‍പന ചൗളയുടെ ആദ്യ ബഹിരാകാശ യാത്ര 1997-ല്‍ കൊളംബിയ സ്പേസ് ഷട്ടിലില്‍ ആയിരുന്നു. ആ ദൗത്യത്തില്‍ അവര്‍ മിഷന്‍ സ്‌പെഷ്യലിസ്റ്റായും പ്രൈമറി റോബോട്ടിക് ആം ഓപ്പറേറ്ററായുമായിട്ടായിരുന്നു പ്രവര്‍ത്തിച്ചത്. ആദ്യ ദൗത്യത്തില്‍ കല്‍പന ചൗള ഇന്ത്യന്‍ പ്രധാനമന്ത്രി ഐ കെ ഗുജ്റാളുമായി സംസാരിക്കുകയും ബഹിരാകാശത്ത് നിന്ന് പകര്‍ത്തിയ ഹിമാലയത്തിന്റെ ചിത്രങ്ങള്‍ കാണിക്കുകയും ചെയ്തിരുന്നു.
രണ്ടാമത്തെയും അവസാനത്തെയും യാത്ര അവരെ സംബന്ധിച്ചിടത്തോളം ഒരു വലിയ വെല്ലു വിളിയായിരുന്നു. കാരണം ഉദ്യമം പൂർത്തിയാക്കാൻ കഴിയുമോ എന്നവർ ആശങ്കപ്പെട്ടിരുന്നു. പക്ഷെ മുന്നോട്ട് വച്ച കാൽ പിന്നോട്ടേക്ക് എടുക്കാൻ കല്പന തയാറായിരുന്നില്ല എന്നതാണ് സത്യം. എസ്ടിഎസ് 107 ഇൽ സ്പേസ് ഷട്ടിലിലായിരുന്നു യാത്ര ആരംഭിച്ചത്. ആരംഭത്തിൽ സംഭവിച്ച ഒരു ചെറിയ അശ്രദ്ധയ്ക്ക് 7 പേരുടെ ജീവനെടുക്കാനുള്ള ശേഷിയുണ്ടായിരുന്നു. സ്പേസ് ഷെട്ടിലെ വെളിയിലുള്ള ടാങ്കിൽ ഘടിപ്പിച്ചിരുന്ന ഇൻസുലേഷന്റെ ഒരു ഭാഗം അടർന്ന് കൊളംബിയയുടെ ഇടതു ഭാഗത്തു ശക്തിയായി ഇടിക്കുകയായിരുന്നു. ഇങ്ങനെ സംഭവിക്കുന്നത് സ്വാഭാവികമായി വല്യ പ്രശനങ്ങൾ ഒന്നും ഉണ്ടാക്കാത്തതാണ്. പക്ഷെ ഇത് പ്രതീക്ഷച്ചതിനേക്കാൾ ആഘാതം കൊളംബിയയുടെ ചിറകുകൾക്ക് ഉണ്ടാക്കി കൊടുത്തിരുന്നു. എന്നാൽ, ബഹിരാകാശത്തേക്ക് പോകുന്ന വഴിയിൽ ഇത് ഒരു പ്രശനവും ഉണ്ടാക്കിയിട്ടില്ല. തിരിച്ചു വരുന്ന വേളയിൽ ഭൂമിയുടെ ഭൗമ തലത്തിലേക്ക് എത്തിയപ്പോൾ ഇതിലേക്ക് ചൂട് കാറ്റ് വളരെ ശക്തിയായി അടിച്ചു കയറാൻ തുടങ്ങിയിരുന്നു. ക്രമേണ സ്പേസ് ക്രാഫ്റ്റിന്റെ സ്റ്റെബിലിറ്റി നഷ്ടപ്പെടുകയും അത് പൊട്ടി തെറിക്കുകയറുമാണ് ഉണ്ടായത്. ആ പേടകം തിരികെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് മടങ്ങുമ്പോള്‍ കത്തിയമരുകയായിരുന്നു. അതിദാരുണമായ ആ അവസാന നിമിഷങ്ങൾ പിന്നീട ഒരു വീഡിയോ ടാപ്പിലൂടെ ലഭിച്ചു. ഒരുപക്ഷെ അതായിരിക്കാം നമ്മുടെയൊക്കെ ഹൃദയത്തെ കൂടുതൽ വികാര ഭരിതമാക്കിയത്. ഇതിനെ തുടര്‍ന്ന് ബഹിരാകാശവാഹനമായ കൊളംബിയയുടെ ദൗത്യം വര്‍ഷങ്ങളോളം നിര്‍ത്തിവച്ചിരുന്നു.
പക്ഷെ ഭൂമിയ്ക്കായി ഒരുപാട് വിവരങ്ങൾ ശേഖരിച്ച കല്പനയും സംഘവും അതിനായി പകരം വച്ചത് സ്വന്തം ജീവൻ തന്നെയായിരുന്നു. 1983 അവർ വരണമാല്യം ചാർത്തിയ ജീന്‍ പിയറി ഹാരിസണിനെ തനിച്ചാക്കി, കാത്തിരുന്ന ഒരു ജനതയെ നിരാശയാക്കി വിധി അവരെ തട്ടി എടുത്തു.
യാത്രയെ ഇത്രമാത്രം സ്നേഹിച്ച, ഭൂമിയുടെ അതിരുകൾക്കപ്പുറത്തേക്ക് യാത്രയ്ക്ക് മാനം കണ്ടെത്തിയ ഒരു സഞ്ചാരിയുടെ അവസാന യാത്ര. രണ്ടു പതിറ്റാണ്ടുകൾക്ക് ഇപ്പുറവും ആ ഓർമ്മകൾ തിളങ്ങി നിൽക്കുകയാണ്. നക്ഷത്രങ്ങൾ തേടിയുള്ള സഞ്ചാര യാത്ര, നക്ഷത്രമായി ശോഭിച്ചു നിൽകുമ്പോൾ ഒരു ജനത അവരുടെ സംഭാവനകളിൽ അഭിമാന പുളകിതരാകുകയാണ്.