ഡൽഹി: ഒഡീഷ ആരോഗ്യ മന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോർ ദാസിനെ എഎസ്‌ഐ വെടിവെച്ചുകൊന്നത് മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ചിട്ടെന്ന് എഫ്‌ഐആർ. പ്രതി വെടിവയ്ക്കാനുപയോഗിച്ച തോക്കും തിരകളും അന്വേഷണ സംഘം ഇന്ന് കണ്ടെത്തി. 9 എംഎം പിസ്റ്റളും 3 റൗണ്ട് തിരകളുമാണ് കണ്ടെത്തിയത്. ഇവ പരിശോധനയ്ക്കായി അയച്ചു. പ്രതിയുടെ മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.
നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെ വൈകാതെ കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെടുമെന്നും ഒഡീഷ പൊലീസ് അറിയിച്ചു. അതേസമയം, കേസിലെ പ്രതിയായ എഎസ്‌ഐ ഗോപാൽ ദാസിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ട് സർക്കാർ ഉത്തരവിറക്കി.