ഗത്യന്തരമില്ലാതെ അടൂർ രാജി വച്ചു; എന്നിട്ടും വിവാദങ്ങൾ ഒഴിയുന്നില്ല

ഡയറക്ടർ ശങ്കർ മോഹന്റെ രാജിയിലേക്ക് നയിച്ച വിവാദങ്ങളിലെ അതൃപ്തിയും ശക്തമായ സൈബർ ആക്രമണവുമാണ് രാജിയിലേക്ക് നയിച്ചത്

മാധ്യമങ്ങൾ ഒരു വിഭാഗത്തെ മാത്രമാണ് കേട്ടത്. ആടിനെ പട്ടിയും പട്ടിയെ പേപ്പട്ടിയുമാക്കി തല്ലിക്കൊല്ലുകയായിരുന്നു. വല്ലവരുടെയും വാക്കുകേട്ടാണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. ശങ്കർ മോഹൻ പോയാൽ സ്ഥാപനത്തിൽ അരാജകാവസ്ഥ വരുമെന്നും അടൂർ

ജാതി വിവേചനവുമായി ബന്ധപ്പെട്ട് മാസങ്ങൾ നീണ്ടുനിന്ന വിവാദങ്ങൾക്കൊടുവിൽ കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്തു നിന്നും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു. തിരുവനന്തപുരം പ്രസ്സ്ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിലാണ് അടൂർ തന്റെ രാജി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഡയറക്ടർ ശങ്കർ മോഹന്റെ രാജിയിലേക്ക് നയിച്ച വിവാദങ്ങളിലെ അതൃപ്തിയും ശക്തമായ സൈബർ ആക്രമണവുമാണ് അടൂരിനെ രാജിയിലേക്ക് നയിച്ചത് എന്നാണ് സൂചന. രാജിയിൽ നിന്ന് സംവിധായകനെ പിന്തിരിപ്പിക്കാൻ സ്വയംവരത്തിന്റെ അമ്പതാം വാർഷികം ഉൾപ്പടെയുള്ള കരുക്കളുമായി സർക്കാർ മുന്നോട്ടു വന്നെങ്കിലും ഒടുവിൽ പിടിവാശിയിൽ ഉറച്ച് നിന്നു. രാജിക്കാര്യത്തിൽ അടൂർ തന്നെ ജയിച്ചു.

കൃത്യം ഒരു മാസം മുമ്പാണ് കോട്ടയം കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലീനിങ് സ്റ്റാഫുകൾ തങ്ങൾ കോളേജ് ഡയറക്ടറുടെ വീട്ടിലെ ശുചിമുറി വൃത്തിയാക്കാൻ നിർബന്ധിതരാകുന്നു എന്നും ഡയറക്ടറിൽ നിന്നും മറ്റ് അംഗങ്ങളിൽ നിന്നും വലിയതോതിൽ ജാതി വിവേചനം ഉൾപ്പെടെയുള്ള അസമത്വങ്ങൾക്കു ഇരയാകേണ്ടിവന്നീട്ടുണ്ട് എന്നുമുള്ള തരത്തിൽ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്.

https://youtu.be/ah8WAgR68t0

പിന്നാലെയാണ് കോളേജ് യൂണിയന്റെ പിന്തുണയോടെ വിദ്യാർത്ഥികളും, തങ്ങൾ ഉൾപ്പെടെ കോളേജിൽ നേരിട്ട് കൊണ്ടിരിക്കുന്ന ജാതി വിവേചനങ്ങൾക്കെതിരെ രംഗത്ത് വന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനത്തിൽ ആഴ്ചകളോളം പ്രതിഷേധം ആളിക്കത്തിയപ്പോൾ ഡയറക്ടർക്ക് കുടപിടിക്കുകയാണ് കോളേജ് ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ ചെയ്തത്.

സംഭവം കേറി കത്തിയതോടെ സംവിധായകരായ ജിയോ ബേബി, സജിത മഠത്തിൽ, ആഷിക് അബു ഉൾപ്പടെയുള്ളവർ വിദ്യാർഥികളെ പിന്തുണച്ച് രംഗത്തെത്തി. സിനിമ മേഖലയിൽ നിന്നടക്കം അടൂർ ഗോപാലകൃഷ്ണനെതിരെ വിമർശനം ഉയർന്നിരുന്നതോടെ കോളേജ് ഡയറക്ടറും ചെയർമാനും രാജിവയ്ക്കണമെന്ന് ആവശ്യവുമായി വിദ്യാർത്ഥി സമരവും ശക്തിപ്പെട്ടു.

നാളുകൾ നീണ്ടുനിന്ന പ്രതിഷേധങ്ങൾക്ക് ഒടുവിൽ കഴിഞ്ഞ ദിവസമാണ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ശങ്കർ മോഹൻ രാജിവച്ചത് ഇതിനു പിന്നാലെ അടൂറും രാജി വയ്ക്കുകയാണ് എന്ന തരത്തിൽ അഭ്യൂഹങ്ങൾ പടർന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം അടൂർ ഗോപാലകൃഷ്ണനെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നെങ്കിലും സംവിധായകനെതിരെയുള്ള സൈബർ ആക്രമണം ശക്തമായിരുന്നു.

ദളിത് വിരോധവും ജാതിവിവേചനവും നടക്കുന്നു എന്ന പ്രചാരണം കള്ളമാണ് എന്നും ദളിത് ജീവനക്കാരെ അടിമപ്പണി ചെയ്യിച്ചു എന്ന പ്രചാരണവും പച്ചക്കള്ളമാണ് എന്നും അടൂർ വീണ്ടും ആവർത്തിച്ചു. മാധ്യമങ്ങൾ ഒരു വിഭാഗത്തെ മാത്രമാണ് കേട്ടത്. ആടിനെ പട്ടിയും പട്ടിയെ പേപ്പട്ടിയുമാക്കി തല്ലിക്കൊല്ലുകയായിരുന്നു എന്ന് അടൂർ പറഞ്ഞു. വല്ലവരുടെയും വാക്കുകേട്ടാണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത് എന്ന് പറഞ്ഞ അടൂർ ശങ്കർ മോഹൻ പോയാൽ സ്ഥാപനത്തിൽ അരാജകാവസ്ഥ വരും എന്ന ആശങ്കയും പങ്കുവച്ചു.

Exit mobile version