ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മു പാര്‍ലമെന്റില്‍ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു. രാഷ്ട്രപതിയായി ചുമതലയേറ്റതിന് ശേഷം ആദ്യമായാണ് ദ്രൗപദി മുര്‍മു സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത്. രാഷ്ട്ര നിര്‍മാണത്തില്‍ 100 ശതമാനം സമര്‍പ്പണം വേണമെന്ന് രാഷ്ട്രപതി പറഞ്ഞു.ദാരിദ്ര്യമില്ലാത്ത സ്വയം പര്യാപ്തത ഇന്ത്യ സൃഷ്ടിക്കണം. സ്ത്രീകളും യുവാക്കളും മുന്നില്‍ നിന്ന് നയിക്കണം.
രാജ്യത്തിന്റെ ഐക്യം ഉറച്ചതാകണം. ലോകം ഇന്ത്യയെ കാണുന്ന രീതി മാറി. ഇന്ത്യക്കാരുടെ ആത്മവിശ്വാസം ആകാശത്തോളമാണ്. ആധുനിക അടിസ്ഥാന സൗകര്യ വികസനം സാധ്യമാകുന്നു. അഴിമതിയില്‍ നിന്ന് മോചനം സാധ്യമായെന്നും രാഷ്ട്രപതി പറഞ്ഞു. ഇപ്പോഴത്തേത് സത്യസന്ധതയെ വിലമതിക്കുന്ന സര്‍ക്കാരാണ്. വികസനത്തിനൊപ്പം പ്രകൃതിയെയും പരിഗണിക്കുന്ന സര്‍ക്കാരാണിത്.
സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍നിരയില്‍ നില്‍ക്കുന്നു. രാജ്യമാണ് സര്‍ക്കാരിന് പ്രഥമം. നയങ്ങളില്‍ ദൃഢതയും ഇച്ഛാശക്തിയും ഉള്ള സര്‍ക്കാരാണ് ഇപ്പോഴത്തേത്. പാക്, ചൈന അതിര്‍ത്തികളിലെ സാഹചര്യം പരാമര്‍ശിച്ച രാഷ്ട്രപതി, രാജ്യം ഭീകരതെയ ശക്തമായി നേരിട്ടെന്ന് പറഞ്ഞു. സ്വതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം വികസിത ഭാരത നിര്‍മാണകാലമാണ്.
സര്‍ക്കാര്‍ ദാരിദ്ര്യം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും രാഷ്ട്രപതി വ്യക്തമാക്കി. ആയുഷ്മാന്‍ ഭാരത് പദ്ധതി പാവപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കി. ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വഴി കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭ്യമാക്കുന്നു. ആരോടും സര്‍ക്കാര്‍ വിവേചനം കാണിച്ചിട്ടില്ല. ആരും അന്യരല്ല എന്നതാണ് സര്‍ക്കാര്‍ നയം. പാവപ്പെട്ടവനെ സ്വപ്നം കാണാന്‍ പ്രേരിപ്പിച്ചു.
കോവിഡ് കാലത്ത് ആര്‍ക്കും പട്ടിണിയില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കി. സൗജന്യ ഭക്ഷ്യധാന്യ വിതരണത്തിന് 3.5 ലക്ഷം കോടി രൂപ ചെലവഴിച്ചു. പാവപ്പെട്ടവരെ ബാങ്കിങ് മേഖലയുമായി ബന്ധിപ്പിച്ചു. തെരുവു കച്ചവടക്കാര്‍ക്ക് പലിശ രഹിത വായ്പ നല്‍കി. സര്‍ക്കാര്‍ ചെറുകിട കര്‍ഷകര്‍ക്ക് ഒപ്പം നിന്നു. സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കള്‍ കൂടുതലും സ്ത്രീകളാണെന്നും രാഷ്ട്രപതി പറഞ്ഞു.
സര്‍ക്കാരിന്റെ മുഖ്യനേട്ടം സ്ത്രീ ശാക്തീകരണമാണ് .പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും ആരോഗ്യവും മെച്ചപ്പെട്ടുവെന്ന് രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.