ഒഡിഷ മന്ത്രിയെ കൊലപ്പെടുത്തിയ എ.എസ്.ഐ മാനസിക രോഗിയെന്ന് വിവരം

മാനസിക വിഭ്രാന്തിയുടെ ചരിത്രം ഉണ്ടായിരുന്നിട്ടും ദാസിന് സർവീസ് റിവോൾവർ നൽകി. അയാളെ ബ്രജ്‌രാജ്നഗറിലെ പോലീസ് പോസ്റ്റിന്റെ ചുമതല നൽകി

ഒഡിഷ ആരോഗ്യമന്ത്രി നബ കിഷോർ ദാസിനെ വെടിവെച്ചുകൊന്ന അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഗോപാൽക്രുഷ്ണ ദാസ് ബൈപോളാർ ഡിസോർഡറിന് ചികിത്സയിലായിരുന്നതായി ബെർഹാംപൂരിലെ എം.കെ.സി.ജി. മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ സൈക്യാട്രി വിഭാഗം മേധാവി ഡോ ചന്ദ്ര ശേഖർ ത്രിപാഠി. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഹൈപ്പർ-മാനിയ മുതൽ വിഷാദം വരെയുള്ള തീവ്രമായ മാനസികാവസ്ഥയ്ക്ക് കാരണമാകുന്ന ഒരു മാനസികാരോഗ്യ അവസ്ഥയാണ് ബൈപോളാർ ഡിസോർഡർ. എന്നാൽ, കൗൺസിലിങ് ഉൾപ്പെടെയുള്ള ചികിത്സയിലൂടെ രോഗം നിയന്ത്രിക്കാനാകും.മാനസിക വിഭ്രാന്തിയുടെ ചരിത്രം ഉണ്ടായിരുന്നിട്ടും, ദാസിന് സർവീസ് റിവോൾവർ നൽകുകയും അദ്ദേഹത്തെ ബ്രജ്‌രാജ്നഗറിലെ പോലീസ് പോസ്റ്റിന്റെ ചുമതലക്കാരനായി നിയമിക്കുകയും ചെയ്തതായി ഡോ ത്രിപാഠി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ദാസ് മാനസിക വിഭ്രാന്തിക്ക് മരുന്ന് കഴിക്കാറുണ്ടെന്നും സ്ഥിരമായി മരുന്ന് കഴിക്കാറുണ്ടോ എന്ന് അറിയില്ല എന്നും ഭാര്യ ജയന്തിയും നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ബെർഹാംപൂരിൽ കോൺസ്റ്റബിളായി പോലീസിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച ദാസ് 12 വർഷം മുമ്പാണ് ജാർസുഗുഡ ജില്ലയിലെത്തുന്നത്. ബ്രജ്‌രാജ്‌നഗർ ഏരിയയിലെ ഗാന്ധി ചക്കിലെ പോലീസ് ഔട്ട്‌പോസ്റ്റിന്റെ ചുമതല ഏറ്റെടുത്ത ശേഷമാണ് ഇദ്ദേഹത്തിന് ലൈസൻസുള്ള പിസ്റ്റൾ നൽകിയതെന്ന് ജാർസുഗ്ദ എസ്ഡിപിഒ ഗുപ്തേശ്വർ ഭോയ് വ്യക്തമാക്കി.
മന്ത്രി നബാ ദാസിന്റെ സന്ദർശനത്തിനായുള്ള സുരക്ഷാ ക്രമീകരണങ്ങൾക്കായി ദാസിനെ ഞായറാഴ്ച നിയോഗിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചിരുന്നു.
പ്രാദേശിക പരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി കാറിൽ നിന്ന് ഇറങ്ങുകയും അനുയായികൾ അദ്ദേഹത്തെ മാലയിടുകയും ചെയ്യുമ്പോഴാണ് മന്ത്രിയെ ലക്ഷ്യമിട്ട് ദാസ് രണ്ട് തവണ വെടിയുതിർത്തെങ്കിലും ഒരെണ്ണം മാത്രമാണ് ലക്ഷ്യം കണ്ടത്. സംഭവത്തിന് തൊട്ടുപിന്നാലെ, ആകാശത്തേക്ക് വെടിയുതിർത്ത് ദാസ് സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടിയതായി എസ്ഡിപിഒ ഭോയ് പറഞ്ഞു.
അതേസമയം, എഎസ്‌ഐ മന്ത്രിക്ക് നേരെ വെടിയുതിർത്തതിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് ഒഡീഷ പോലീസിന്റെ ക്രൈംബ്രാഞ്ച് ഏറ്റെടുത്തതായി അധികൃതർ അറിയിച്ചു.സൈബർ വിദഗ്ധൻ, ബാലിസ്റ്റിക് വിദഗ്ധൻ, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന ഏഴംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായി മുതിർന്ന സിബി ഉദ്യോഗസ്ഥൻ പറഞ്ഞു, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് റാങ്ക് ഓഫീസർ രമേഷ് സി ഡോറയാണ് ടീമിനെ നയിക്കുന്നത്. അരുൺ ബോതാര ഐപിഎസ്, എഡിജിപി, സിഐഡി-സിബി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ട്. ഐപിസി 307-ാം വകുപ്പ്  പ്രകാരമാണ് സിഐഡി ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.

Exit mobile version