ഓച്ചിറ: പൊലീസിനെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതിയ ശേഷം പ്ലസ് വൺ വിദ്യാർത്ഥി വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെ ഓച്ചിറയ്ക്ക് സമീപമായിരുന്നു സംഭവം. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥി അപകടനില തരണം ചെയ്തു. ആത്മഹത്യാ കുറിപ്പ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിന് ശേഷമാണ് വിദ്യാർത്ഥി വിഷം കഴിച്ചത്.
പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട സുഹൃത്തുക്കൾ ഉടൻ തന്നെ വീട്ടിലെത്തി വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ 23ന് സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ബൈക്കിലെത്തിയ 20 പേരടങ്ങുന്ന സംഘം വിദ്യാർത്ഥിയെയും മറ്റുള്ളവരെയും മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ ഓച്ചിറ പൊലീസ് കേസെടുത്തിരുന്നു.
https://youtu.be/newq-fdRmE4
കേസ് ചർച്ച ചെയ്യാൻ ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോൾ വിദ്യാർത്ഥിയെ പൊലീസ് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ഇതിൽ മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് വിവരം. അതേസമയം, വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഇരുകൂട്ടരെയും ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും പൊലീസ് പറഞ്ഞു.
(കുറിപ്പ്: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകൾ ഉണ്ടാകുമ്പോൾ ‘ദിശ’ ഹെൽപ്പ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ: 1056, 0471-2552056)
Discussion about this post