ഇനി മെട്രോ സ്റ്റേഷനുകളിലേക്കുള്ള യാത്ര എളുപ്പം; കൊച്ചി നഗരപരിധിയില്‍ ഫീഡര്‍ സര്‍വ്വീസുമായി കെഎസ്ആര്‍ടിസി

കൊച്ചി: കെഎംആര്‍എല്‍ ഫീഡര്‍ ബസ് സര്‍വ്വീസുകള്‍ക്ക് പുറമേ കൊച്ചിയിലെ പ്രധാന സ്ഥലങ്ങളില്‍ നിന്ന് മെട്രോ സ്റ്റേഷനുകളിലേക്കുള്ള യാത്ര സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആര്‍ടിസി- മെട്രോ ഫീഡര്‍ സര്‍വ്വീസിന് തുടക്കമിട്ടിരിക്കുന്നത്. എംജി റോഡ് മെട്രോ സ്റ്റേഷന്‍, മഹാരാജാസ് മെട്രോ സ്റ്റേഷന്‍, ടൌണ്‍ ഹാള്‍ സ്റ്റേഷന്‍, കലൂര്‍ മെട്രോ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്കാണ് ഫീഡര്‍ ബസ് സൌകര്യം ലഭിക്കുക. നേവല്‍ ബേസ്, ഷിപ്പ് യാര്‍ഡ്, മേനക ഹൈക്കോര്‍ട്ട്, ബോട്ട് ജെട്ടി, കലൂര്‍ എന്നീ പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് സര്‍വ്വീസ്. തോപ്പുംപടി ഭാഗത്തേക്കും ബാനര്‍ജി റോഡ് ഭാഗത്തേക്കും രാവിലെ 6.30 മുതല്‍ വൈകിട്ട് 7 മണിവരെ 15 മിനിറ്റ് ഇടവിട്ടാണ് സര്‍വ്വീസ് നിശ്ചയിച്ചിരിക്കുന്നത്.

നിലവില്‍ കൊച്ചി മെട്രോയുടെ ആറ് എസി ഫീഡര്‍ ബസ്സുകളാണ് മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് സര്‍വ്വീസ് നടത്തുന്നത്. ആലുവ സ്റ്റേഷനില്‍ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും അര മണിക്കൂര്‍ ഇടവിട്ട് കെഎംആര്‍എല്‍ ഫീഡര്‍ ബസ് സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. പറവൂരില്‍ നിന്ന് ഇടപ്പള്ളി മെട്രോ സ്റ്റേഷന്‍ വഴിയും, പെരുമ്പാവൂരില്‍ നിന്ന് ആലുവ സ്റ്റേഷന്‍ വഴിയും അങ്കമാലിയില്‍ നിന്ന് ആലുവ മെട്രോ സ്റ്റേഷന്‍ വഴിയും ഇന്‍ഫോപാര്‍ക്കിലേക്ക് ഫീഡര്‍ ബസ് സൌകര്യമുണ്ട്.

 

Exit mobile version