ഡോക്യുമെന്ററി പ്രദര്‍ശനം; മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്.ഇന്റര്‍നെറ്റ് ആര്‍ക്കൈവില്‍ നിന്നും ബിബിസി ഡോക്യുമെന്ററി വീഡിയോ നിലവില്‍ നീക്കം ചെയ്തു. അതോടൊപ്പം യൂ ട്യൂബില്‍ നിന്നും ട്വിറ്ററില്‍ നിന്നും വീഡിയോ നേരത്തെ നീക്കം ചെയ്തിരുന്നു. എന്നാല്‍ ഈ വീഡിയോ കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐയും എസ്എഫ്ഐയും പ്രഖ്യാപിച്ചു.

മോദിക്കെതിരായ ഡോക്യുമെന്ററി പ്രദര്‍ശം തടയണമെന്നും, ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരമായി ഇടപെടണമെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷം കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണ്. മതസൗഹാര്‍ദം തകര്‍ത്തിട്ടാണെങ്കിലും നാലു വോട്ടു കിട്ടാനുള്ള ശ്രമം നടത്തുക, അതാണിപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്എന്നും ഇദ്ധേഹം പറഞ്ഞു. ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് ഡിവൈഎഫ്ഐ അറിയിച്ചത്.

ഡിവൈഎഫ്ഐ ചാല ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം പൂജപ്പുരയില്‍ ഇന്നു വൈകിട്ട് പ്രദര്‍ശിപ്പിക്കും. കണ്ണൂര്‍ സര്‍വകലാശാല മാങ്ങാട്ടുപറമ്പ് ക്യാംപസില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് എസ്എഫ്ഐ അറിയിച്ചു. ജനുവരി 27ന് കണ്ണൂര്‍ ജില്ലയിലെ എല്ലാ കോളജുകളിലും പ്രദര്‍ശനമുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. കാലടി സര്‍വകലാശാലയിലും കുസാറ്റിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ എസ്എഫ്ഐ തീരുമാനിച്ചിട്ടുണ്ട്. ബിബിസി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലും പറഞ്ഞു.

Exit mobile version