നടിയെ ആക്രമിച്ച കേസ്: രണ്ടാം ഘട്ട സാക്ഷി വിസ്താരം 25 ന് ആരംഭിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രണ്ടാം ഘട്ട സാക്ഷി വിസ്താരം നാളെ ആരംഭിക്കും. മഞ്ജു വാര്യര്‍ ഉള്‍പ്പടെ 20 സാക്ഷികളെയാണ് വിസ്തരിക്കുക .തുടരന്വേഷണത്തിലെ 39 സാക്ഷികളില്‍ 27 പേരുടെ വിസ്താരമാണ് ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്.

12 സാക്ഷികളെ വിസ്തരിച്ചിരുന്നില്ല. രണ്ടാം ഘട്ടം 20 പേരെ കൂടി വിസ്തരിക്കാനുള്ളവരുടെ പട്ടികയാണ് പ്രോസിക്യൂഷന്‍ കോടതിയ്ക്ക് കൈമാറിയത്. ഇതില്‍ മഞ്ജുവാര്യര്‍, സാഗര്‍ വിന്‍സെന്റ്, മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മ ഉള്‍പ്പടെയുള്ളവരുമുണ്ട്. സാക്ഷികള്‍ക്ക് കോടതി നോട്ടീസ് അയക്കുന്ന നടപടികള്‍ ആരംഭിച്ചു.

ആദ്യ ഘട്ടത്തില്‍ ബാലചന്ദ്രകുമാര്‍, ഹാക്കര്‍ സായ് ശങ്കര്‍ അടക്കമുള്ളവരെ വിസ്തരിച്ചു. ബാലചന്ദ്ര കുമാറിന്റെ പ്രതിഭാഗം ക്രോസ് വിസ്താരം ഉടന്‍ പൂര്‍ത്തിയാകും. ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ചത് സംബന്ധിച്ചാണ് സായ് ശങ്കറിനെ വിസ്തരിച്ചത്. ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി സായ് ശങ്കര്‍ ആവര്‍ത്തിച്ചതായാണ് സൂചന.

അതേസമയം, കേസില്‍ തെളിവ് നശിപ്പിച്ച 3 അഭിഭാഷകരെ പ്രതിയാക്കണമെന്നാവശ്യപ്പെട്ട് അതിജീവിത വീണ്ടും കോടതിയെ സമീപിച്ചേക്കും. ഇവരെ പ്രതി ചേര്‍ക്കാന്‍ അന്വേഷണ സംഘം ആദ്യം ശ്രമിച്ചിരുന്നെങ്കിലും അഭിഭാഷക സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയില്ല.

Exit mobile version