യുഎസ് പ്രസിഡന്റിന്റെ വസതിയില്‍ 13 മണിക്കൂര്‍ റെയ്ഡ്: രഹസ്യ രേഖകള്‍ പിടിച്ചെടുത്തു

വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ വില്‍മിങ്ടണിലെ വസതിയില്‍ 13 മണിക്കൂര്‍ നടത്തിയ റെയ്ഡില്‍ എഫ്ബിഐ ഔദ്യോഗിക രഹസ്യരേഖകള്‍ പിടിച്ചെടുത്തു. ബൈഡന്‍ വൈസ് പ്രസിഡന്റായിരുന്ന 2009-16 കാലത്തെ ഔദ്യോഗിക രേഖകളാണിവ.റെയ്ഡ് നടക്കുമ്പോള്‍ ബൈഡനും ഭാര്യയും ഡെലവെയറിലെ റിഹോബത് ബീച്ചില്‍ വാരാന്ത്യ അവധിയിലായിരുന്നു.

കഴിഞ്ഞ നവംബര്‍ 2 ന് വാഷിങ്ടന്‍ ഡിസിയിലെ പെന്‍ ബൈഡന്‍ സെന്ററില്‍ നിന്നും ചില രഹസ്യരേഖകള്‍ കണ്ടെടുത്തിരുന്നു.ഇതോടെ പിടിച്ചെടുത്ത രഹസ്യരേഖകളുടെ എണ്ണം 18 ആയി. യുഎസ് നിയമപ്രകാരം ഭരണപദവിയിലിരിക്കുന്ന വ്യക്തി അധികാരമൊഴിഞ്ഞാല്‍ ഉടന്‍ തന്നെ ഔദ്യോഗിക രേഖകളെല്ലാം തിരിച്ചേല്‍പിക്കണം.

നിരുത്തരവാദപരമായി അവ സ്വാകര്യവസതിയിലും മറ്റു സൂക്ഷിക്കുന്നതായ ആരോപണത്തെ തുടര്‍ന്ന് നിയമവകുപ്പ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ആയിരുന്നു റെയ്ഡ്. പെന്‍ ബൈഡന്‍ സെന്ററില്‍ നിന്ന് പിടിച്ചെടുത്ത രേഖകളെക്കുറിച്ച് അന്വേഷിക്കാന്‍ കഴിഞ്ഞയാഴ്ച യുഎസ് അറ്റോര്‍ണി ജനറല്‍ മെറിക് ബി. ഗാര്‍ലന്‍ഡ് സ്‌പെഷല്‍ കൗണ്‍സലായി റോബര്‍ട് ഹറിനെ നിയമിച്ചിരുന്നു.

മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഔദ്യോഗിക രേഖകള്‍ ഫ്‌ലോറിഡയിലെ മറലാഗോ വസതിയില്‍ സൂക്ഷിച്ചിരുന്നത് പിടിച്ചെടുത്തത് വന്‍ വിവാദമായിരുന്നു.

Exit mobile version