തൃശൂർ; ചലച്ചിത്ര താരങ്ങളുടെ വിശ്വസ്തനായിരുന്ന തൃശൂർ സ്വദേശി സ്വാതി റഹിം നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിൽ. ഓൺലൈൻ ലേല സ്ഥാപനമായ സേവ് ബോക്സിന്റെ ഉടമയാണ് സ്വാതി റഹിം. സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞ് ഒട്ടേറെ പേരിൽ നിന്നായി നിക്ഷേപങ്ങൾ വാങ്ങി തട്ടിച്ചുവെന്നാണ് പരാതി.
പ്രതിമാസം വലിയൊരു തുക കിട്ടുമെന്ന് നിക്ഷേപകരെ വിശ്വസിപ്പിച്ചു. പക്ഷേ, ലാഭം കിട്ടിയില്ല. കഴിഞ്ഞ മൂന്നു വർഷത്തിനിടെ സ്വാതി റഹിമിന്റെ പേരിൽ പരാതികളുണ്ട്. പലതും മധ്യസ്ഥം പറഞ്ഞ് തീർക്കാനായിരുന്നു ശ്രമം. തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ മാത്രം മൂന്നു കേസുകൾ റജിസ്റ്റർ ചെയ്തു. സേവ് ബോക്സിന്റെ ലോഞ്ചിങ്ങ് വലിയ പരിപാടിയായി തൃശൂരിൽ നടത്തിയിരുന്നു. ഒട്ടേറെ സിനിമാ താരങ്ങൾ പങ്കെടുത്ത പരിപാടിയിൽ പുതിയ ഐ ഫോണുകളെന്ന പേരിൽ സിനിമാ താരങ്ങൾക്ക് നൽകിയ സമ്മാനം തട്ടിപ്പായിരുന്നു.
ആളുകൾ ഉപേക്ഷിച്ച ഐ ഫോണുകൾ പൊടി തട്ടി പുതിയ കവറിൽ നൽകിയാണ് അന്ന് ചലച്ചിത്ര താരങ്ങളെ പറ്റിച്ചത്. സേവ് ബോക്സിന്റെ പേര് പറഞ്ഞ് ഒട്ടേറെ സിനിമാ താരങ്ങളുമായി സ്വാതി ബന്ധം ഊട്ടിയുറപ്പിച്ചു. നിക്ഷേപ തട്ടിപ്പുകാരൻ പ്രവീൺ റാണ, സ്വാതിയുടെ പക്കൽ നിന്ന് അഞ്ചു ലക്ഷം രൂപ നിക്ഷേപമായി വാങ്ങിയിട്ടുണ്ട്. സ്വാതിയുടെ വാക്സാമർഥ്യത്തിൽ വീണ് പണം നിക്ഷേപിച്ചവരാണ് ഭൂരിഭാഗവും. നിലവിൽ മൂന്നു പരാതികളിൽ കേസെടുത്തു. കൂടുതൽ പേർ പരാതികൾ നൽകുമെന്നാണ് സൂചന.
https://youtu.be/BP1N1OiqKfY
Discussion about this post