കൊച്ചി: സ്ത്രീയുടെ അനുമതിയില്ലാതെ അവരുടെ ശരീരത്തില്‍ തൊടരുതെന്ന് ആണ്‍കുട്ടികള്‍ മനസ്സിലാക്കണമെന്ന് ഹൈക്കോടതി. ‘നോ’എന്നു പറഞ്ഞാല്‍ അത് ‘നോ’എന്നു തന്നെയാണെന്ന് മനസ്സിലാക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കോളജുകളിലും സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്ന് വിലയിരുത്തിയ കോടതി ഇക്കാര്യത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് ആഴത്തില്‍ ചിന്തിക്കേണ്ട സമയമായെന്നു പറഞ്ഞു.
ക്യാംപസിലെ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയെന്നാരോപിച്ച് തനിക്കെതിരെ പ്രിന്‍സിപ്പല്‍ നടപടിയെടുത്തതു ചോദ്യം ചെയ്ത് കൊല്ലം ജില്ലയിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിയാണ് കോടതി ഇക്കാര്യം പറഞ്ഞത്. നല്ല പെരുമാറ്റത്തിന്റെയും മര്യാദയുടെയും പാഠങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാകണമെന്നു കോടതി പറഞ്ഞു. ഇതിനായി സംസ്ഥാന ചീഫ് സെക്രട്ടറി, പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയവര്‍ക്ക് ഉത്തരവിന്റെ പകര്‍പ്പ് നല്‍കാന്‍ നിര്‍ദേശിച്ചു.
യുജിസിക്കും ഇതില്‍ നിര്‍ണായക പങ്കുണ്ടെന്നും ഇത്തരം വിഷയങ്ങള്‍ സംബന്ധിച്ച റെഗുലേഷന്‍ ഫലപ്രദമായി നടപ്പാക്കണമെന്നും നിര്‍ദേശം നല്‍കി. നടപടികള്‍ സ്വീകരിക്കുമെന്നു യുജിസിയുടെ അഭിഭാഷകന്‍ അറിയിച്ചതു കോടതി രേഖപ്പെടുത്തി. കോടതിയുടെ നിരീക്ഷണങ്ങളിലുള്ള തീരുമാനങ്ങളും നടപടികളും വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നു സര്‍ക്കാരിനു നിര്‍ദേശം നല്‍കി. വിഷയം 3ന് വീണ്ടും പരിഗണിക്കും.
ഹര്‍ജിക്കാരനെതിരെ അന്വേഷണം നടത്തിയ കോളജിലെ ആഭ്യന്തര സമിതി കുറ്റക്കാരനാണെന്നു കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ അച്ചടക്ക നടപടി സ്വീകരിച്ചു. തന്റെ ഭാഗം കേള്‍ക്കാതെയാണു നടപടി എന്നാരോപിച്ചാണു ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. പരാതി കേട്ടു പരിഹാരമുണ്ടാക്കാന്‍ രണ്ടാഴ്ചയ്ക്കകം സമിതി രൂപീകരിക്കാനും തുടര്‍ന്ന് ഇരുഭാഗവും കേട്ട് ഒരു മാസത്തിനകം തീരുമാനമെടുക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി.
Discussion about this post