ഒറ്റയാന്‍ പി.ടി.ഏഴാമനെ പിടികൂടാന്‍ കഴിഞ്ഞില്ല: ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു

പാലക്കാട്: ധോണിയിലെ ജനവാസ മേഖലയിലെ ആളുകളുടെ പേടിസ്വപ്‌നമായ ഒറ്റയാന്‍ പി.ടി.ഏഴാമനെ (പാലക്കാട് ടസ്‌കര്‍ 7) പിടികൂടാനായില്ല. ദൗത്യസംഘം ധോണി വനമേഖലയില്‍ ആനയെ കണ്ടെത്തിയെങ്കിലും ചെങ്കുത്തായ സ്ഥലത്താണ് ആന 4 മണിക്കൂറില്‍ കൂടുതലായി നില്‍ക്കുന്നത്. സുരക്ഷിതസ്ഥലത്തെത്തിച്ച് മയക്കുവെടിവയ്ക്കാന്‍ ഇന്നു സാധിക്കില്ലെന്നാണ് ദൗത്യ സംഘത്തിന്റെ വിലയിരുത്തല്‍.

ഇതോടെ ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു.മയക്കുവെടിവയ്ക്കാന്‍ കഴിയുന്ന സുരക്ഷിത സ്ഥലത്ത് ആദ്യം ആനയെ കണ്ടെത്തിയിരുന്നു. എന്നാല്‍ ആന പിന്നീട് കുന്നിന്‍ ചെരുവിലേക്ക് മാറുകയായിരുന്നു.

പുലര്‍ച്ചെ 4 മണിക്ക് പുറപ്പെട്ട ഫോറസ്റ്റ് ചീഫ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘാണ് പി.ടി. ഏഴാമനെ നിരീക്ഷിക്കുന്നത്. 75 അംഗ വനപാലകരാണ് ധോണിയിലെ ദൗത്യത്തിനായെത്തിയിരിക്കുന്നത്. സംഘത്തിനൊപ്പം സുരേന്ദ്രന്‍, ഭരത്, വിക്രം എന്നീ കുങ്കിയാനകളുമുണ്ട്. സുരക്ഷിത സ്ഥലത്ത് ഒറ്റയ്ക്ക് പി.ടി. ഏഴാമനെ കണ്ടെത്തിയാല്‍ മയക്കു വെടിയുതിര്‍ത്ത് പിടികൂടാനായിരുന്നു ശ്രമം. കൂടിന്റെ ബലപരിശോധന ഇന്നലെ പൂര്‍ത്തിയാക്കിയിരുന്നു.

Exit mobile version