പോലീസ് തന്നെ മാത്രം പ്രതിയാക്കി; മരണമൊഴി വിളിച്ചറിയിച്ച ശേഷം യുവാവ് ജീവനൊടുക്കി

തിരുവനന്തപുരം: പോലീസിനെ ഫോണ്‍ വിളിച്ച് മരണമൊഴി രേഖപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി.പൊലീസ് ഇല്ലാത്ത കേസ് കെട്ടിച്ചമച്ചെന്നും ജീവിതം നശിപ്പിച്ചതിനാലുമാണ് ആത്മഹത്യ ചെയ്യുന്നത് എന്ന് യുവാവിന്റെ മരണമൊഴി. ഇന്നലെ രാത്രി പത്ത് മണിയക്ക് വെങ്ങാനൂര്‍ പ്രസ്സ് റോഡിലാണ് സംഭവം നടന്നത്. അമല്‍ജിത്ത് (28) ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. ചെയ്യാത്ത തെറ്റിന് താന്‍ 49 ദിവസം ജയില്‍ വാസം അനുഭവിച്ചെന്നും 17 ദിവസം മെന്റല്‍ ആശുപത്രിയില്‍ ആക്കിയെന്നുമാണ് യുവാവ് പറയുന്നത്.

തൊടുപുഴ പൊലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് എതിരെയാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്.കുടുംബ വഴക്കിനെ തുടര്‍ന്ന് നടന്ന പ്രശ്‌നങ്ങളില്‍ പൊലീസ് തന്നെ മാത്രം പ്രതിയാക്കി എന്ന് യുവാവ് ഫോണില്‍ പറയുന്നു. തനിക്ക് എതിരെ കള്ള കേസ് എടുത്ത സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും പരാതക്കാരനും സുഖമായി ജീവിക്കുന്നു എന്നും യുവാവ് പറഞ്ഞു. കണ്‍ട്രോള്‍ റൂമില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു എങ്കിലും ഫലം കണ്ടില്ല.

പരാതികളുമായി മുന്നോട്ട് പോകാന്‍ എനിയ്ക്ക സാമ്പത്തികശേഷി ഇല്ലെന്നും താന്‍ മരിച്ച് കഴിഞ്ഞാല്‍ തന്റെ മൂന്നു മക്കളുടെയും ഉത്തരവാദിത്തവും അവരുടെ വിദ്യാഭ്യാസം ഭക്ഷണം എന്നിവ സര്‍ക്കാര്‍ നോക്കണം എന്നും പറഞ്ഞാണ് യുവാവ് ഫോണ്‍ കട്ട് ചെയ്തത്.പൊലീസുമായി സംസാരിച്ച ഫോണ്‍ റെക്കോര്‍ഡിംഗ് യുവാവ് സുഹൃത്തുകള്‍ക്ക് അയച്ചു നല്‍കി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Exit mobile version