ഗര്‍ഭധാരണത്തിന് മന്ത്രവാദം; യുവതിയെ മനുഷ്യ അസ്ഥി പൊടിച്ച് കഴിപ്പിച്ചു

പൂനെ: വീണ്ടും മന്ത്രവാദത്തിന്റെ പേരില്‍ യുവതിയെ മനുഷ്യ അസ്ഥിയുടെ പൊടി കഴിപ്പിച്ചു .മഹാരാഷ്ട്രയിലെ പൂനെയിലാണ്് സംഭവം നടന്നത്.ഗര്‍ഭം ധരിക്കുന്നതിന് വേണ്ടി ദുര്‍മന്ത്രവാദ ആചാരവുമായി ബന്ധപ്പെട്ട് യുവതിയെ മനുഷ്യ അസ്ഥി പൊടിച്ചത് കഴിപ്പിച്ചത്. യുവതിയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.നരബലിയുടെയും അഘോരി ആചാരങ്ങളുടെയും ബ്ലാക്ക് മാജിക് ആക്റ്റിന്റെയും പ്രസക്തമായ വകുപ്പുകളും എഫ്‌ഐആറില്‍ ചേര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്.

2019ലാണ് ഇവര്‍ വിവാഹിതയായത്. യുവതി കമ്പ്യൂട്ടര്‍ എഞ്ചിനീയറാണ്. പ്രതികള്‍ മാനസികമായും ശാരീരികമായും തന്നെ ഉപദ്രവിക്കാറുണ്ടെന്നും മാതാപിതാക്കളില്‍ നിന്ന് പണം വാങ്ങാന്‍ നിര്‍ബന്ധിക്കാറുണ്ടെന്നും യുവതി പരാതിയില്‍ പറഞ്ഞു. റിവോള്‍വര്‍ ചൂണ്ടിയാണ് യുവതിയെ മനുഷ്യ അസ്ഥികളുടെ പൊടി കഴിക്കാന്‍ നിര്‍ബന്ധിച്ചതെന്നും റിപ്പോര്‍ട്ട്. മുന്‍പ് പല തവണയും ഇത്തരത്തില്‍ യുവതിയെ ദുര്‍മന്ത്രവാദത്തിന് ഇരയാക്കിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.

2019ല്‍ വിവാഹിതയായെങ്കിലും ഇവര്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല. അതിനാല്‍ യുവതിയുടെ ഭര്‍ത്താവും മറ്റ് പ്രതികളും അമാവാസി ദിവസത്തില്‍ മന്ത്രവാദ ചടങ്ങുകള്‍ നടത്താറുണ്ടായിരുന്നു. പൊടിച്ച അസ്ഥി കലക്കിയ വെള്ളം തന്നെ കുടിക്കാന്‍ പ്രേരിപ്പിച്ചതായി യുവതി പറഞ്ഞു. ഒരു പ്രത്യേക വെള്ളച്ചാട്ടത്തില്‍ കുളിക്കാനും ഭര്‍ത്താവ് സ്ഥിരമായി നിര്‍ബന്ധിച്ചിരുന്നതായും പരാതിക്കാരി പറഞ്ഞുവെന്ന് സിംഗ്ഗഡ് റോഡ് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ജയന്ത് രാജൂര്‍ക്കര്‍ പറഞ്ഞു.

Exit mobile version