ഇടുക്കി: വിനോദ സഞ്ചരികള്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ അടക്കം 21 പേര്‍ക്ക് പരിക്കേറ്റു. ഇടുക്കി കൊടി കുത്തിക്കു സമീപമാണ് അപകടം നടന്നത്. മുംബൈ, താനെ സ്വദേശികളുമായി വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. തേക്കടിയില്‍ നിന്നും കൊടിക്കുത്തിമലയിലേക്ക് പോകുകയായിരുന്നു ഇവര്‍.
അന്‍പത് അടിയോളം താഴ്ചയുള്ള കൊക്കയിലേക്കാണ് ഈ വാഹനം മറിഞ്ഞതെങ്കിലും ഒരു തെങ്ങില്‍ തട്ടി നിന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. എട്ടു പേരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.ബാക്കിയുള്ളവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എന്നാല്‍ ആരുടേയും നില ഗുരുതരമല്ല.