തിരുവനന്തപുരം: യുവസംവിധായക നയന സൂര്യയുടെ മരണം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് നാളെ മുതല്‍ നേരിട്ട് മൊഴിയെടുപ്പ് തുടങ്ങും. ആദ്യം കേസ് അന്വേഷിച്ചിരുന്ന പൊലീസുകാര്‍ക്കും സാക്ഷികള്‍ക്കും ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. സംഭവം നടന്ന് നാല് വര്‍ഷങ്ങള്‍ കഴിഞ്ഞതുകൊണ്ട് തെളിവ് ശേഖരണം അടക്കം കഠിനമെന്നാണ് ക്രൈം ബ്രാഞ്ച് വിലയിരുത്തല്‍.വിശദമായ മൊഴി ശേഖരിക്കാനാണ് ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നത്.
പുരുഷന്മാരെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്കു വിളിച്ചു വരുത്തിയും സ്ത്രീകളെ നേരില്‍ ചെന്ന് കൊണ്ടുമാണ് മൊഴിയെടുക്കുന്നത്. രാസപരിശോധന ലബോറട്ടറിയില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു. ആദ്യ ഘട്ട വിവര ശേഖരണത്തിന്റെ ഭാഗമായി അന്വേഷണ സംഘം നയനയെ മരിച്ച നിലയില്‍ കണ്ടെത്തിയ ആല്‍ത്തറയിലെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.
നയന സൂര്യന്റെ ദുരൂഹ മരണത്തിലെ അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയുടെ കൂടുതല്‍ തെളിവുകള്‍ പുറത്തായിരുന്നു. നയന മരണ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കാണാതായെന്നാണ് പുറത്തുവരുന്ന വിവരം. മ്യൂസിയം സ്റ്റേഷനിലേക്ക് കോടതി കൈമാറിയ വസ്ത്രങ്ങളാണ് കാണാതായത്. ഇവ ഫോറന്‍സിക് ലാബിലുണ്ടോയെന്ന് അന്വേഷിക്കുകയാണ്.വസ്ത്രങ്ങള്‍ ലാബിലേക്ക് കൈമാറിയതിന്റെ രേഖകള്‍ പൊലീസ് സ്റ്റേഷനിലില്ല. മരണ സമയത്ത് നയന ധരിച്ചിരുന്ന വസ്ത്രങ്ങള്‍ തുടര്‍ അന്വേഷണത്തിലെ നിര്‍ണായക തെളിവാണ്.