ശബരിമലയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനം

പത്തനംതിട്ട: ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന് ഇത്തവണ ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനം ലഭിച്ചു. ഭണ്ഡാരത്തില്‍ എണ്ണിത്തീര്‍ക്കാന്‍ പോലും കഴിയാത്ത രീതിയില്‍ നാണയങ്ങള്‍ കുമിഞ്ഞു കൂടിയിരിക്കുകയാണ്. ഇതുവരെ എണ്ണിയപ്പോള്‍ 315.46 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. 13, 14, 15 തീയതികളില്‍ കാണിക്കായായി ലഭിച്ച നോട്ടുകളാണ് എണ്ണുന്നത്.കെട്ടിടത്തിന്റെ മൂന്ന് ഭാഗത്തായി നാണയങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണ്.

ഇവിടെ മണ്ഡല കാലം മുതലുളള നാണയങ്ങള്‍ ആണ് ഉള്ളത്. കഴിഞ്ഞ 12 വരെയുളള കണക്ക് അനുസരിച്ച് 310.40 കോടി രൂപയായിരുന്നു വരുമാനം.നാണയങ്ങള്‍ എണ്ണി എടുക്കണോ അതോ തൂക്കി എടുക്കണോ എന്ന ആശയക്കുഴപ്പത്തിലാണ് ദേവസ്വം ബോര്‍ഡ്. നിലവില്‍ നോട്ട് എണ്ണുന്നതിന് വേണ്ടി ധനലക്ഷമി ബാങ്ക് ആറ് ചെറിയ യന്ത്രങ്ങളും ഒരു വലിയ യന്ത്രവും എത്തിച്ചിട്ടുണ്ട്.ഒരേ മൂല്യമുളള നാണയങ്ങള്‍ പലതരത്തിലുണ്ട്. ഭാരം കൂടിയതും കുറഞ്ഞതുമായ നാണയങ്ങള്‍ ഉണ്ട്. അതിനാല്‍ തൂക്കി എടുക്കുന്നത് ദേവസ്വം ബോര്‍ഡിനു നഷ്ടം ഉണ്ടാക്കുമെന്നു 2019ല്‍ വിജിലന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

തീര്‍ത്ഥാടകര്‍ കാണിക്കയായി നല്‍കിയ നോട്ടുകളില്‍ ചിലത് നശിച്ചിട്ടുണ്ട്. സോപാനത്തിടുന്ന കാണിക്ക കണ്‍വയര്‍ ബെല്‍റ്റ് വഴി നേരെ പണം എണ്ണുന്ന ഭണ്ഡാരത്തില്‍ എത്തുകയാണ് ചെയ്യുക.സോപാനത്തെ വലിയ ചെമ്പില്‍ അയ്യപ്പന്മാര്‍ സമര്‍പ്പിച്ച കാണിക്കയും കുമിഞ്ഞ് കൂടിയതോടെ കണ്‍വെയര്‍ ബെല്‍റ്റില്‍ നോട്ടുകള്‍ ഞെരുങ്ങി കീറിപ്പോവുകയായിരുന്നു.

ഇരുമുടിക്കെട്ടിലെ വെറ്റിലയും അടയ്ക്കയും അഴുകിയതും നോട്ടുകള്‍ നശിക്കാന്‍ കാരണമായി. കെട്ടഴിച്ച് എണ്ണാന്‍ വൈകിയതാണ് ഇതിന് കാരണം.തിങ്കളാഴ്ച മുതല്‍ അന്നദാന മണ്ഡപത്തിലെ ഒരു മുറിയിലുളള കാണിക്കയും എണ്ണാന്‍ തുടങ്ങിയിട്ടുണ്ട്. എണ്ണിത്തീരാത്തതിനാല്‍ എരുമേലി, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ നിന്ന് 60 ജീവനക്കാരെ പുതിയതായി എത്തിച്ചാണ് ഇതില്‍ കാണിക്ക എണ്ണുന്നത്. ശബരിമലയിലേക്കുളള തീര്‍ത്ഥാടകരുടെ തിരക്ക് കുറഞ്ഞിട്ടുണ്ട്.

Exit mobile version