തിരുവനന്തപുരം: പൊലീസ് – ഗുണ്ടാ ബന്ധം തെളിഞ്ഞതോടെ മുഖം രക്ഷിക്കാന്‍ കൂടുതല്‍ വ്യാപക അഴിച്ചു പണിയുമായി സര്‍ക്കാര്‍. സംസ്ഥാന വ്യാപകമായി 160-ലേറെ എസ്എച്ച്ഒ മാരെ സ്ഥലംമാറ്റും. തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും മാറ്റും. ഗുണ്ടാബന്ധമുള്ള രണ്ട് ഡിവൈഎസ്പിമാര്‍ക്കെതിരെയും നടപടി വരും.
ഗുണ്ടാതലവന്മാരുമായി ബന്ധം, സാമ്പത്തികതര്‍ക്കങ്ങള്‍ക്ക് ഇടനില നില്‍ക്കുക, ഗുണ്ടകളുമായി പാര്‍ട്ടികളില്‍ പങ്കെടുക്കുക, അവിഹിത ബന്ധങ്ങള്‍.സംസ്ഥാനത്തും തലസ്ഥാനത്ത് പ്രത്യേകിച്ചും പൊലീസും ഗുണ്ടകളും തമ്മിലെ ബന്ധമാണ് അക്രമസംഭവങ്ങള്‍ വ്യാപകമാകാന്‍ കാരണം. ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ എന്ത് ഓപ്പറേഷന്‍ പ്രഖ്യാപിച്ചാലും വിവരങ്ങള്‍ തൊട്ടുപിന്നാലെ സേനയില്‍ നിന്നു തന്നെ ചോര്‍ന്നു കിട്ടുന്നതോടെ ഗുണ്ടകള്‍ക്ക് അഴിഞ്ഞാടാം. ഇന്നലെ സസ്‌പെന്‍ഡ് ചെയ്ത നാല് സിഐമാര്‍ക്കും ഒരു എസ്‌ഐക്കും ഡിവൈഎസ്പിക്കുമെതിരായ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നേരത്തെ പൊലീസ് ആസ്ഥാനത്ത് കിട്ടിയിരുന്നു.