ഡല്‍ഹി: ബി ജെ പി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ക്ക് എതിരെ കടുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. രാജ്യ ഭരണത്തിനും പാര്‍ട്ടി പ്രവര്‍ത്തനത്തിനും നമ്മള്‍ കഠിനാധ്വാനം ചെയ്യുമ്പോള്‍ മാധ്യമങ്ങളിലും വാര്‍ത്തകളിലും നിറയുന്നത് സിനിമയ്ക്ക് എതിരായ ചിലരുടെ പരാമര്‍ശങ്ങളാണെന്നും ഇത് ശരിയായ പ്രവണതയല്ലെന്നും ബി ജെ പി പ്രവര്‍ത്തകരെ നരേന്ദ്രമോദി ഓര്‍മ്മിച്ചു. ഇത്തരത്തിലുള്ള അനാവശ്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം എന്നും ബി ജെ പി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ മോദി ആവശ്യപ്പെട്ടു.
പൂര്‍ണമായും പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങാനും പ്രവര്‍ത്തകരോടും നേതാക്കളോടും മോദി ആഹ്വാനം നല്‍കി. രാജ്യത്തിന്റെ ഏറ്റവും മികച്ച ദിനങ്ങള്‍ ആണ് വരാനിരിക്കുന്നത് എന്നും മോദി പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ അമൃത് കാലത്തെ കര്‍ത്തവ്യ കാലമാക്കി മാറ്റുകയാണ് എല്ലാവരും ചെയ്യേണ്ടതെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. വിവിധ ഭാഷകള്‍ സംസാരിക്കുന്ന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംസാരിക്കുന്നവരെ ഒരുമിക്കാന്‍ കാശി തമിഴ് സംഗമം പോലുള്ള പരിപാടികള്‍ എല്ലായിടത്തും നടത്താനും അദ്ദേഹം നിര്‍ദേശിച്ചു. എല്ലാവരുടെയും രാജ്യമാണ് ഇത് എന്ന സന്ദേശം നല്‍കാന്‍ സാധിക്കണമെന്നും മോദി ആവശ്യപ്പെട്ടു.