കാഠ്മണ്ഡു: നേപ്പാളില്‍ യാത്രാ വിമാനം ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പ് തകര്‍ന്ന് വീണു. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട യതി എയര്‍ലൈന്‍സിന്റെ 9എന്‍ എഎന്‍സി എടിആര്‍ 72 വിമാനമാണ് പൊഖാറ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനു തൊട്ടുമുന്‍പ് തകര്‍ന്നു വീണത്.
പ്രാദേശിക സമയം രാവിലെ 11.10നാണ് തകര്‍ന്നു വീണത്. ഇതുവരെ 45 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. വിമാനത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ അടക്കം നിരവധി വിദേശികളുണ്ടായിരുന്നെന്നാണ് പ്രാഥമിക വിവരം. റഷ്യ-4, അയര്‍ലന്‍ഡ് -1, ദക്ഷിണ കൊറിയ- 2, ഓസ്‌ട്രേലിയ-1, ഫ്രാന്‍സ്-1, അര്‍ജന്റീന-1 എന്നിങ്ങനെയാണ് വിമാനത്തിലുണ്ടായിരുന്ന വിദേശികള്‍ എന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിമാന ജീവനക്കാരില്‍ രണ്ടു പേര്‍ പൈലറ്റുമാരും രണ്ടു പേര്‍ എയര്‍ഹോസ്റ്റസുമാരുമാണെന്നും വിമാനക്കമ്പനിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തകര്‍ന്നു വീണതിന് പിന്നാലെ വിമാനത്തിനു തീപിടിച്ചു. ഏറെ ബുദ്ധിമുട്ടിയാണ് തീയണച്ചത്. അപകടത്തിനു പിന്നാലെ വിമാനത്താവളം താല്‍ക്കാലികമായി അടച്ചു.
കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്ക് വന്ന വിമാനം ലാന്‍ഡ് ചെയ്യുന്നതിനു തൊട്ടുമുന്‍പാണ് തകര്‍ന്നു വീണത്. പൊഖാറ രാജ്യാന്തര വിമാനത്താവളത്തിനും പഴയ വിമാനത്താവളത്തിനും ഇടയില്‍ സേതി റിവര്‍ വാലിയിലാണ് വിമാനം തകര്‍ന്നു വീണത്. വിമാനം പഴയ വിമാനത്താവളത്തില്‍ ഇറക്കാനുള്ള ശ്രമത്തിനിടെയാണോ തകര്‍ന്നു വീണതെന്ന് സംശയിക്കുന്നതായി അധികൃതര്‍ അറിയിച്ചു.