പത്തനംതിട്ട: മകരവിളക്ക് ദർശനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സന്നിധാനവും പരിസരവും അയ്യപ്പ ഭക്തരെ കൊണ്ട് നിറഞ്ഞു. വൈകീട്ട് 6.30ന് തിരുവാഭരണത്തോടുകൂടിയ ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പലമെട്ടിലെ മകരജ്യോതി ദർശനം. പത്തിലധികം കേന്ദ്രങ്ങളിൽ നിന്ന് മകരവിളക്ക് കാണാനുള്ള സൗകര്യമുണ്ട്. പമ്പ മുതൽ സന്നിധാനം വരെ രണ്ടായിരത്തോളം പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. തിരുവാഭരണ ഘോഷയാത്ര വരുന്നതിനാൽ ഉച്ചയ്ക്ക് 12 മണിക്ക് ശേഷം തീർത്ഥാടകരെ പമ്പയിൽ നിന്ന് പ്രവേശിപ്പിക്കില്ല.
ഇടുക്കിയിൽ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ മകരജ്യോതി ദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മൂന്നിടത്തും ജില്ലാ കളക്ടർ ഷീബ ജോർജ്ജെത്തി ഒരുക്കങ്ങൾ അവലോകനം ചെയ്തു. മെഡിക്കൽ സൗകര്യങ്ങൾ, ഫയർഫോഴ്സ് ഉൾപ്പെടെയുള്ള ആംബുലൻസ് സേവനങ്ങൾ, റിക്കവറി വാൻ എന്നിവയെല്ലാം സജ്ജമാണെന്നും കളക്ടർ അറിയിച്ചു.
സുരക്ഷയ്ക്കും ഗതാഗത നിയന്ത്രണത്തിനുമായി 1,400 ഓളം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ദേശീയപാതയിലെ പാർക്കിങ് പൂർണമായും ഒഴിവാക്കും. മുണ്ടക്കയം, കുമളി ഭാഗങ്ങളിൽ നിന്നുള്ള ചരക്ക് വാഹനങ്ങൾക്ക് വൈകിട്ട് അഞ്ച് മുതൽ നിയന്ത്രണം ഏർപ്പെടുത്തും.
Discussion about this post