സൊളീദാര്‍ പട്ടണം പിടിച്ചെടുത്തതായി റഷ്യ: അവകാശവാദം തള്ളി യുക്രൈൻ

മോസ്‌കോ: കിഴക്കന്‍ യുക്രൈനിലെ സൊളീദാര്‍ റഷ്യന്‍ സേന പിടിച്ചെടുത്തതായി പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.റഷ്യയുടെ അവകാശവാദം യുക്രൈന്‍ തള്ളി.

യുക്രൈന്‍ സൈന്യം ഇപ്പോഴും സൊളീദാറിലുണ്ടെന്നും പോരാട്ടം തുടരുകയാണെന്നും കിഴക്കന്‍ യുക്രൈന്‍ സേനാ കമാന്‍ഡ് വക്താവ് സെര്‍ഗെയ് ഷെറെവറ്റ്‌യി കീവില്‍ അറിയിച്ചു.

കനത്ത പോരാട്ടം നടന്നതായും ഇരുഭാഗത്തും കാര്യമായ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.സൊളീദാര്‍ പിടിച്ചതോടെ കനത്ത പോരാട്ടം നടക്കുന്ന ബഖ്മുത്തിലേക്ക് യുക്രൈന്‍ സേനയ്ക്ക് സാധനസാമഗ്രികള്‍ എത്തിക്കുന്നതു തടയാന്‍ റഷ്യയ്ക്ക് സാധിക്കും.

ബഖ്മുത്തിലെ യുക്രെയ്ന്‍ സേനയെ വളയാനും നഗരം പിടിക്കാനുമുള്ള റഷ്യയുടെ ശ്രമങ്ങള്‍ ശക്തിപ്പെടുകയും ചെയ്യും. റഷ്യന്‍ സേനയുടെ സര്‍വസൈന്യാധിപന്‍ വലേറി ജെറാസിമോവ് യുദ്ധത്തിന്റെ നേരിട്ടുള്ള ചുമതല ഏറ്റെടുത്ത് 2 ദിവസത്തിനകം സൊളീദാര്‍ പിടിക്കാനായത് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.

സൈനിക നടപടി ഒരു വര്‍ഷം പൂര്‍ത്തിയാക്കാന്‍ ഒരു മാസത്തോളം ബാക്കിയുള്ളപ്പോള്‍, എത്രയും വേഗം വിജയം ലക്ഷ്യമിട്ടാണ് റഷ്യയുടെ നീക്കം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 24ന് റഷ്യ സൈനികനടപടി തുടങ്ങിയതിന് ശേഷം ഇതുവരെ അന്‍പതിനായിരത്തിലേറെ യുദ്ധക്കുറ്റങ്ങള്‍ റജിസ്റ്റര്‍ ചെയ്തതായി യുക്രൈനിലെ പ്രോസിക്യൂട്ടര്‍ യൂറി ബെലൂസോവ് അറിയിച്ചു.

Exit mobile version