ന്യൂഡല്‍ഹി: ശ്രദ്ധ വോള്‍ക്കറെ കൊലപ്പെടുത്തിയതിന് ശേഷം അഫ്താബ് പൂനാവാല അറക്കവാള്‍ ഉപയോഗിച്ചാണ് ശരീരം കഷണങ്ങളാക്കിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അസ്ഥികളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പുറത്തുവന്നത്. കഴിഞ്ഞ മാസം നടത്തിയ ഡിഎന്‍എ പരിശോധനയില്‍ കണ്ടെത്തിയ അസ്ഥികള്‍ ശ്രദ്ധയുടേതാണെന്ന് തെളിഞ്ഞിരുന്നു.
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലായിരുന്നു (എയിംസ്) പോസ്റ്റ്മോര്‍ട്ടം നടന്നത്. മെഹ്‌റൗലിയിലെ വാടകയ്‌ക്കെടുത്ത ഫ്‌ലാറ്റില്‍ വെച്ച്് മേയ് 18 നാണ് അഫ്താബ് ശ്രദ്ധയെ കൊലപ്പെടുത്തുന്നത്. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ശരീരം 35 കഷണങ്ങളാക്കി മുറിച്ചു. പിന്നീട് ദിവസങ്ങള്‍കൊണ്ട് ശരീര ഭാഗങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നിക്ഷേപിച്ചു.
അന്യമതസ്ഥനുമായുള്ള ബന്ധത്തെ ശ്രദ്ധയുടെ കുടുംബം എതിര്‍ത്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവര്‍ ഡല്‍ഹിയിലേക്കു താമസം മാറിയത്. ഒക്ടോബറിലാണ് പിതാവ് ശ്രദ്ധയെ കാണാനില്ലെന്ന പരാതി നല്‍കുന്നത്. പിന്നീട് പൊലീസ് അന്വേഷണത്തില്‍ കൊലപാതക വിവരം പുറത്തുവരികയായിരുന്നു. നവംബര്‍ 26 മുതല്‍ അഫ്താബ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്. ഈ മാസം കുറ്റപത്രം സമര്‍പ്പിച്ചേക്കുമെന്നാണ് വിവരം.