തൃശൂര്‍: നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സേഫ് ആന്‍ഡ് സ്‌ട്രോങ് ചിട്ടിക്കമ്പനി ഉടമ പ്രവീണ്‍ റാണയെ വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും. പൊള്ളാച്ചി ദേവരായപുരത്ത് ഒളിവിലായിരുന്ന റാണയെ ഇന്നലെ രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.അതേസമയം, താന്‍ ആരെയും പറ്റിച്ചിട്ടില്ലെന്ന് പ്രവീണ്‍ റാണ മാധ്യമങ്ങളോട് പ്രതികരിച്ചു.
എല്ലാവര്‍ക്കും പണം തിരിച്ചുകൊടുക്കും. ബിസിനസ് മാത്രമാണ് ചെയ്തത്. അതില്‍ ഉയര്‍ച്ച താഴ്ചകളുണ്ടാകും. ജാമ്യം നേടുന്നതിനായി മാറി നിന്നതാണ് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ റാണ മാധ്യമങ്ങളോട് പറഞ്ഞു. അക്കൗണ്ടില്‍ പണമില്ലെന്നാണ് പൊലീസ് പറയുന്നത് എന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ റാണ കൃത്യമായ മറുപടി നല്‍കിയില്ല.റാണയില്‍ നിന്നു പൊലീസിന് പണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
റാണയുടെ അക്കൗണ്ടുകള്‍ കാലിയാണ്. ഏഴു അക്കൗണ്ടുകള്‍ പൊലീസ് പരിശോധിച്ചെങ്കിലും ആ അക്കൗണ്ടുകളില്‍ പണം ഉണ്ടായിരുന്നില്ല. സുഹൃത്തുക്കളെ ബെനാമികളാക്കി പണം കൈമാറിയിരുന്നെന്നാണ് വിവരം. 48% പലിശ വാഗ്ദാനം ചെയ്ത് ഇരുനൂറ്റന്‍പതിലേറെ നിക്ഷേപകരില്‍ നിന്നായി 150 കോടിയിലേറെ രൂപ തട്ടിയെന്നാണ് കേസ്. ദേവരായപുരത്തെ കരിങ്കല്‍ ക്വാറിയില്‍ കുടിലില്‍ ഒളിവില്‍ കഴിഞ്ഞ റാണയെ തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ പി.ലാല്‍ കുമാറും സംഘവും കുടില്‍ വളഞ്ഞ് പിടികൂടുകയായിരുന്നു.