കൊച്ചി: കളമശേരിയില്‍ നഗരത്തിലെ വിവിധ ചെറുകിട ഹോട്ടലുകള്‍ക്കും തട്ടുകടകള്‍ക്കും ഷവര്‍മ, അല്‍ഫാം ആവശ്യങ്ങള്‍ക്ക് വേണ്ടി മാംസം വിതരണം ചെയ്യുന്ന കേന്ദ്രീകൃത അടുക്കളയില്‍ നിന്ന് അഴുകിയ മാസം പിടിച്ചെടുത്തു.
കൈപ്പടമുകളില്‍ ഒരു പുരയിടത്തിലാണ് ഫ്രീസറുകളില്‍ മാംസം സൂക്ഷിച്ചിരുന്നത്. കെട്ടിടത്തിനു പുറത്തു തെങ്ങിന്‍ ചുവട്ടില്‍ വരെ ഫ്രീസുറുകള്‍ വച്ചാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെനിന്നു മലിനമായ വെള്ളം പുറത്തേക്ക് ഒഴുകുകയും രൂക്ഷ ഗന്ധം വന്നതോടെ നാട്ടുകാര്‍ നഗരസഭയിലെ ഭക്ഷ്യസുരക്ഷാ വിഭാഗത്തെ വിവരമറിയിച്ചു.
ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയപ്പോള്‍ 500 കിലോയില്‍ കൂടുതല്‍ മാംസം അഴുകിയ നിലയില്‍ കണ്ടെത്തി.150 കിലോ പഴകിയ എണ്ണയും കണ്ടെത്തി. ഇത് ബ്രഹ്മപുരത്തെ മാലിന്യസംസ്‌കരണ കേന്ദ്രത്തിലേക്കു കൊണ്ടു പോയിട്ടുണ്ട്. ഈ സ്ഥാപനം പാലക്കാട് മണ്ണാര്‍കാട് ഒതുക്കുംപുറത്തു ജുനൈസിന്റെ ഉടമസ്ഥതയിലാണ് ഉള്ളത്.ഇവിടെ നിന്നു ഷവര്‍മയും മറ്റും ഉണ്ടാക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.