നൂറില്‍ കൂടുതല്‍ സ്ത്രീകളെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി, ജലേബി ബാബയ്ക്ക് 14 വര്‍ഷം തടവ്

ഡല്‍ഹി: നൂറില്‍ കൂടുതല്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ആള്‍ദൈവം ജലേബി ബാബ എന്നറിയപ്പെടുന്ന അമര്‍പുരിക്ക് 14 വര്‍ഷം തടവ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും മറ്റു രണ്ട് ബലാത്സംഗ കേസുകളിലുമാണ് ശിക്ഷ.ഫത്തേഹാബാദ് അതിവേഗ കോടതിയാണ് അമര്‍പുരിക്ക് ശിക്ഷ വിധിച്ചത്. പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും മറ്റുമായി തന്നെ സമീപിക്കുന്ന സ്ത്രീകളെ ജലേബി ബാബ മയക്കുമരുന്ന് നല്‍കിയാണ് ലൈംഗികമായി പീഡിപ്പിച്ചിരുന്നത്.

2018ലാണ് ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിക്കുന്നത്. ആശ്രമത്തിലെത്തുന്ന സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഹരിയാന പൊലീസ് 2018ല്‍ ഫത്തേഹാബാദില്‍ നിന്ന് അറസ്റ്റ് ചെയ്യുകയും ഇയാളുടെ ഫോണില്‍ നിന്ന് 120 ലൈംഗിക വീഡിയോ ദൃശ്യങ്ങള്‍ കണ്ടെത്തുകയും ചെയ്തു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ട് തവണ ബലാത്സംഗം ചെയ്തതിന് പോക്സോ വകുപ്പ് പ്രകാരം 14 വര്‍ഷം തടവും മറ്റ് രണ്ട് ബലാത്സംഗ കേസുകളില്‍ ഏഴ് വര്‍ഷവുമാണ് ജലേബി ബാബയെ ശിക്ഷിച്ചത്. പീഡനത്തിനിരയായ 6 സ്ത്രീകള്‍ കോടതിയില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു.ഫത്തേഹാബാദ് അഡീഷണല്‍ ജില്ലാ ജഡ്ജി ബല്‍വന്ത് സിങ്ങാണ് ശിക്ഷ വിധിച്ചത്.

Exit mobile version