ഉത്തരേന്ത്യയില്‍ മൂടല്‍മഞ്ഞിന് സാധ്യത; ജോഷിമഠില്‍ ശക്തമായ മഴ പെയ്‌തേക്കും

ആളുകളെ ഒഴിപ്പിക്കുന്നത് സര്‍ക്കാര്‍ വേഗത്തിലാക്കി

ഡല്‍ഹി: ഉത്തരേന്ത്യയില്‍ മൂടല്‍മഞ്ഞിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അതേസമയം ഉത്തരാഖണ്ഡില്‍ ഭൗമപ്രതിസന്ധിയുടെ ഭീതി നിലനില്‍ക്കുന്ന ജോഷിമഠില്‍ ശക്തമായ മഴപെയ്യാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ഇതേ തുടര്‍ന്ന് ആളുകളെ ഒഴിപ്പിക്കുന്നത് സര്‍ക്കാര്‍ വേഗത്തിലാക്കി .ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ജോഷിമഠില്‍ തുടരുകയാണ്.ഭൗമപ്രതിസന്ധി ബാധിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കുന്ന ഒന്നര ലക്ഷം രൂപ താത്കാലിക ആശ്വാസത്തിന് മാത്രമാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു.

അപകടത്തില്‍ പെട്ട കെട്ടിടങ്ങളുടെ വില കണക്കാക്കി തക്കതായ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധം തുടരുകയാണ്.അടുത്ത രണ്ട് ദിവസത്തിനകം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഭരണകൂടം മുന്നില്‍ കാണുന്നത്. ആളുകളെ മാറ്റി താമസിപ്പിക്കുന്നത് വേഗത്തിലാക്കാന്‍ ജില്ലാ ഭരണകൂടം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കെട്ടിടങ്ങളില്‍ വിള്ളല്‍ കണ്ട ഉത്തരാഖണ്ഡിലെ മറ്റ് ജില്ലകളിലും കേന്ദ്രം നിയോഗിച്ച വിദഗ്ധസംഘം സന്ദര്‍ശനം നടത്തും.

ഉത്തരേന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ വരുന്ന 24 മണിക്കൂറില്‍ മൂടല്‍ മഞ്ഞിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉത്തര്‍ പ്രദേശിലും ബിഹാറിലും മൂടല്‍ മഞ്ഞ് ശക്തമായേക്കും. ഡല്‍ഹി കൂടാതെ ഉത്തരാഖണ്ഡ് , പഞ്ചാബ് , ഹരിയാന , ചണ്ടീഗഡ് എന്നിവിടങ്ങളിലും മൂടല്‍ മഞ്ഞിനു സാധ്യതയുണ്ട്. രണ്ടു ദിവസത്തിനിടെ ജമ്മു കശ്മീര്‍ , ലഡാക്ക്, ഹിമാചല്‍ പ്രദേശ്, ഹരിയാന , പഞ്ചാബ് എന്നിവിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ട് എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നലെ 5.9 ആണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ കുറഞ്ഞ താപനില.

Exit mobile version