തൃശ്ശൂര്‍: സ്‌ട്രോങ് ആന്റ് സേഫ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി പ്രവീണ്‍ റാണയെ ചോദ്യം ചെയ്യുന്നു. കോടികളുടെ നിക്ഷേപം എങ്ങോട്ട് മാറ്റിയെന്നാണ് അന്വേഷിക്കുന്നത്.
ഇന്ന് വൈകിട്ടോടെ പ്രവീണ്‍ റാണയെ കോടതിയില്‍ ഹാജരാക്കും. പ്രതിയെ ഒളിവില്‍ പോകാന്‍ സഹായിച്ച കൂട്ടാളിക്ക് വേണ്ടിയും തിരച്ചില്‍ നടക്കുന്നുണ്ട്. പൊള്ളാച്ചിയിലെ കരിങ്കല്‍ ക്വാറിയില്‍ സന്യാസി വേഷത്തില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇന്നലെ പ്രവീണ റാണയെ പിടികൂടിയത്.
ഇവിടെയുള്ള കരിങ്കല്‍ ക്വാറിയിലെ തൊഴിലാളിയുടെ ഫോണില്‍ നിന്ന് വീട്ടിലേക്ക് വിളിച്ചതോടെയാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. പ്രതിയെ ഇന്നലെ തന്നെ കൊച്ചിയിലെത്തിച്ചു.
കൊച്ചിയിലെ ഫ്‌ലൈ ഹൈ ബാര്‍, നവി മുംബൈയിലെ 1500 കോടിയുടെ പദ്ധതി, ബംഗലൂരരുവിലും പുണെയിലുമുളള ഡാന്‍സ് ബാറുകള്‍ , ഇങ്ങനെ നിരവധിയനവധിപ്പദ്ധതികള്‍ പണം മുടക്കിയെന്നാണ് റാണ അവകാശപ്പെട്ടിരുന്നത്.
എന്നാല്‍ തൃശൂരിലെ സേഫ് ആന്റ് സ്‌ട്രോങ് കേന്ദ്ര ഓഫീസ് വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത പല സ്ഥാപനങ്ങളും കടലാസ് കന്പനികളാണെന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഷെയറുകളുടെ രൂപത്തില്‍ നിക്ഷേപ സമാഹരണത്തിനുളള വഴിയായിരുന്നു ഇതെല്ലാം.
കൊച്ചിയിലെ ഫ്‌ലൈ ഹൈ ബാറിലെ നേരിട്ടുളള നിക്ഷേപത്തില്‍ നിന്ന് റാണ പിന്‍മാറിയത് പൊലീസ് പരിശോധിക്കുന്നുണ്ട്. ബെനാമി നിക്ഷേപ സാധ്യതകളുടെ കണക്കുമെടുക്കുന്നുണ്ട്.
എന്നാല്‍ പബ് അടക്കമുളള കേരളത്തിലെ പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സകല പിന്തുണയും ഉണ്ടായിരുന്നെന്നാണ് റാണ നിക്ഷേപകരോട് ആവകാശപ്പെട്ടിരുന്നത്.