ന്യൂഡല്‍ഹി: ബഫര്‍ സോണ്‍ വിധിയില്‍ ഇളവ് തേടി സുപ്രീം കോടതിയെ സമീപിച്ച കേരളത്തിന് ഇന്ന് നിര്‍ണായകം. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ ഉത്തരവില്‍ ഇളവ് തേടി കേന്ദ്രം നല്‍കിയ അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേന്ദ്രത്തിന്റെ അപേക്ഷയില്‍ കക്ഷിചേരാന്‍ സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ ഉത്തരവ് നടപ്പാക്കാന്‍ ബുദ്ധിമുട്ടാണെന്ന് സുപ്രീം കോടതിയില്‍ കക്ഷി ചേരാന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
2022 ജൂണ്‍ മൂന്നിന് പുറപ്പെടുവിച്ച വിധിയില്‍ ഭേദഗതിയും വ്യക്തതയും ഇളവും തേടിയാണ് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. വിധിയിലെ 44 എ, 44 ഇ ഖണ്ഡികകളില്‍ വ്യക്തതയും ഭേദഗതിയും വരുത്തുന്നതിനുള്ള അപേക്ഷയാണ് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്നത്. ഈ അപേക്ഷയിലാണ് കരട്, അന്തിമ വിജ്ഞാപനങ്ങള്‍ പുറത്തിറക്കിയ പ്രദേശങ്ങളെ ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.
https://youtu.be/TFLb-H7GCDU