തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഭൂവിനിയോഗം ബന്ധപ്പടുത്തി നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി 1960 ലെ ഭൂപതിവ് നിയമത്തില്‍ ഭേദഗതി ബില്‍ നടപ്പാക്കും.മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഇതിന് തീരുമാനമായി.
ഭേദഗതി ബില്‍ ഈ മാസം 23 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും.ഭൂപതിവ് നിയമത്തില്‍ വകമാറ്റിയുള്ള ഉപയോഗം ക്രമീകരിക്കുന്നതിന് ആവശ്യമായ ചട്ടങ്ങളുണ്ടാക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന പുതിയ വകുപ്പ് ചേര്‍ത്താണ് നിയമ ഭേദഗതി. ഭൂപതിവ് ചട്ടങ്ങളും ഭേദഗതി ചെയ്യും.
ജീവിതോപാധിക്കായി നടത്തിയ ചെറു നിര്‍മ്മാണങ്ങളും (1500 സ്‌ക്വയര്‍ ഫീറ്റ് വരെയുള്ളവ) കാര്‍ഷികാവശ്യത്തിനായി അനുവദിക്കപ്പെട്ട ഭൂമിയുടെ വകമാറ്റിയുള്ള ഉപയോഗവും ക്രമീകരിക്കുന്നതിനാകണം നിയമ ഭേദഗതിയും ചട്ട നിര്‍മ്മാണവും എന്ന് യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
1500 സ്‌ക്വയര്‍ ഫീറ്റിന് മുകളില്‍ വിസ്തീര്‍ണ്ണമുള്ള നിര്‍മ്മിതികള്‍ ക്രമപ്പെടുത്തേണ്ടി വന്നാല്‍ ഉയര്‍ന്ന ഫീസുകള്‍ ഈടാക്കുന്നത് പരിഗണിക്കും. ക്രമപ്പെടുത്തല്‍ നടത്തുമ്പോള്‍ പൊതു കെട്ടിടങ്ങളെ പ്രത്യേകമായി പരിഗണിക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തൊഴില്‍ശാലകള്‍, വാണിജ്യകേന്ദ്രങ്ങള്‍, മതപരമോ സാംസ്‌കാരികമോ വിനോദപരമോ ആയ സ്ഥാപനങ്ങള്‍, പൊതു ഉപയോഗത്തിനുള്ള നിര്‍മ്മാണങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ക്ലിനിക്കുകള്‍/ആരോഗ്യകേന്ദ്രങ്ങള്‍, ജുഡീഷ്യല്‍ ഫോറങ്ങള്‍, ബസ്സ് സ്റ്റാന്റുകള്‍, റോഡുകള്‍, പൊതുജനങ്ങള്‍ വ്യാപകമായി ആശ്രയിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ 2016 ലെ ഭിന്നശേഷിക്കാരുടെ അവകാശം നിയമ പ്രകാരം പൊതു കെട്ടിടങ്ങളെന്ന് നിര്‍വ്വചിച്ചിട്ടുള്ളവ ആണ് ഇങ്ങനെ ഒഴിവാക്കുക.