കുടുംബ കോടതി പരിസരത്ത് യുവതിയെ വെട്ടി പരിക്കേല്‍പ്പിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

പാലക്കാട്: കുടുംബ കോടതിയില്‍ വിവാഹ മോചനക്കേസുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് എത്തിയ യുവതിക്ക് വെട്ടേറ്റു. മനിശ്ശേരി കരുവാന്‍പുരക്കല്‍ സുബിത (24) ക്കാണ് വെട്ടേറ്റത്. ഇന്നലെ രാവിലെ 11 നാണ് സംഭവം നടന്നത്. ഭര്‍ത്താവ് സൗത്ത് പനമണ്ണ തെക്കത്ത് പറമ്പില്‍ രഞ്ജിത്ത് (32) കൃത്യത്തിന് ഉപയോഗിച്ച ആയുധവുമായി ഒറ്റപ്പാലം പോലീസില്‍ കീഴടങ്ങി.

രഞ്ജിത്തുമായുള്ള ബന്ധം വേര്‍പ്പെടുത്തുന്ന കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ കൗണ്‍സിലിങിന് വന്നതായിരുന്നു സുബിത. കൗണ്‍സിലിങ് കഴിഞ്ഞ് പുറത്തേക്ക് വന്ന ശേഷമാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. കോടതിക്ക് പുറത്ത് നിന്ന രഞ്ജിത്ത് ഭാര്യയുമായി തര്‍ക്കിക്കുകയും സ്‌കൂട്ടറില്‍ സൂക്ഷിച്ചിരുന്ന മടവാള്‍ ഉപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിച്ചു.കൈയ്ക്ക് പരുക്കേറ്റ യുവതിയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

പ്രാഥമിക ചികിത്സ നല്‍കി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി.വലത് കയ്യിന്റെ നടുവിരലിനും ഇടത് കൈയിന്റെ തള്ളവിരലിനും സാരമായി പരുക്കേറ്റു.സുബിതയുടെയും രഞ്ജിത്തിന്റെയും പ്രണയ വിവാഹമായിരുന്നു. ജുവലറിയിലെ ജീവനക്കാരിയായ സുബിത കഴിഞ്ഞ ഒരു മാസത്തിലധികമായി അവിടത്തെ മറ്റൊരു ജീവനക്കാരനായ മീറ്റ്ന സ്വദേശിയായ യുവാവിനൊപ്പമാണ് താമസം.

കോടതി പരിസരത്ത് ഈ സംഭവം നടക്കുമ്പോള്‍ യുവാവും കൂടെ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.രഞ്ജിത്തിനേയും രണ്ടു വയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് പോയതിന്റെ വൈരാഗ്യമാണ് അക്രമണത്തിന് കാരണമെന്ന് രഞ്ജിത്ത് മൊഴി നല്‍കി.

Exit mobile version