മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പളം മുപ്പത്തിയഞ്ച് ശതമാനം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്തെ ഇപ്പോള്‍ മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളം കൂട്ടാന്‍ ശുപാര്‍ശ നല്‍കി.ശമ്പളവും അലവന്‍സുകളും പെന്‍ഷനും ഉള്‍പ്പെടെ 35 ശതമാനം വരെ കൂട്ടാനാണ് ശുപാര്‍ശ. ഇത് സംബന്ധിച്ച് സ്പീക്കര്‍ എ.എന്‍. ഷംസീറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി.ശമ്പളവര്‍ധനവ് നിര്‍ദേശിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് (റിട്ട.) സി.എന്‍. രാമചന്ദ്രന്‍നായര്‍ കമ്മീഷനാണ് ശുപാര്‍ശ ചെയ്തത്.

സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴാണ് നിയമസഭാ സാമാജികരുടെ ശമ്പള വര്‍ദ്ദന ശുപാര്‍ശ സര്‍ക്കാരിന് മുന്നിലെത്തുന്നത്. ദൈനം ദിന ചെലവുകള്‍ കൂടിയ സാഹചര്യത്തില്‍ ആനുകൂല്യങ്ങളും അലവന്‍സുകളും പരിഷ്‌കരിക്കണമെന്ന ആവശ്യം ശക്തമായപ്പോഴാണ് സര്‍ക്കാര്‍ കമ്മീഷനെ വച്ചത്.

ജൂലൈയില്‍ ജസ്റ്റിസ് രാമചന്ദ്രന്‍ നായരെ ഏകാംഗ കമ്മീഷനാക്കി മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തിയിരുന്നത്.മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ചീഫ് വിപ്പിന്റെയും ശമ്പളം അലവന്‍സുകളും ചേര്‍ന്ന് 96,000 രൂപയാണ്. ഇത് ഏകദേശം 1.2 ലക്ഷവും എം.എല്‍.എ.മാരുടേത് 70,000-ല്‍നിന്ന് ഒരു ലക്ഷത്തിലധികവും ആയി വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ.യാത്രാച്ചിലവുകള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളിലും 35 ശതമാനംവരെ വര്‍ധന ശുപാര്‍ശ ചെയ്തിട്ടുണ്ട.

8,000 രൂപ മുതല്‍ 20,000 രൂപവരെയുള്ള പെന്‍ഷന്‍ 11,000 മുതല്‍ 27,000 രൂപ വരെയാവും. ഒരു ദിവസമെങ്കിലും എം.എല്‍.എ. ആയിരുന്നവര്‍ക്കാണ് നിലവില്‍ 8,000 രൂപ ലഭിക്കുന്നത്. അഞ്ചുവര്‍ഷം എം.എല്‍.എ. ആയിരുന്നവര്‍ക്ക് 20,000 രൂപയും. അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ കാലം എം.എല്‍.എ. ആയിരുന്നാല്‍ ഓരോ അധിക വര്‍ഷത്തിനും ആയിരം രൂപ കൂടുതല്‍ കിട്ടും.

2018-ലാണ് ഒടുവില്‍ മന്ത്രിമാര്‍ക്കും എം.എല്‍.എ.മാര്‍ക്കും ശമ്പളം കൂട്ടിയത്. റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചാല്‍ മാര്‍ച്ച് 30-നുമുമ്പ് സഭയില്‍ ബില്ലായി എത്തും.’

ആനുകൂല്യങ്ങള്‍

എം.എല്‍.എ.മാര്‍ക്ക് വേതനം കിട്ടുന്നത്് അലവന്‍സുകളായാണ് ചെറിയ നിരക്കിലുള്ള സ്ഥിരം അലവന്‍സും മറ്റു അലവന്‍സുകളും. മന്ത്രിമാര്‍ക്ക് ക്ഷാമബത്തയോടെ ശമ്പളം ലഭ്യമാകും. യാത്രാച്ചിലവ് കുറഞ്ഞത് 20,000 രൂപ ലഭിക്കും.

ഇതിലധികം യാത്ര നടത്തിയാല്‍ മന്ത്രിമാര്‍ക്ക് കിലോമീറ്ററിന് 15 രൂപയും എം.എല്‍.എ.മാര്‍ക്ക് 10 രൂപയും ലഭിക്കും. മന്ത്രിമാരുടെ ഔദ്യോഗിക വാഹനത്തിന്റെ ഇന്ധനച്ചെലവ് അവരാണ് വഹിക്കുന്നത്.

മന്ത്രിമാരുള്‍പ്പെടെ എല്ലാ എം.എല്‍.എ.മാര്‍ക്കും വര്‍ഷം മൂന്നുലക്ഷം രൂപയുടെ യാത്രാക്കൂപ്പണ്‍ അനുമതിയുണ്ട്. ജീവിത പങ്കാളിക്കു കൂടി ചേര്‍ത്താണിത്.

ഇതില്‍ 50,000 രൂപയ്ക്ക് വിമാനയാത്രയും നടത്താം. സഭാ സമ്മേളനമോ അതുമായി ബന്ധപ്പെട്ട യോഗങ്ങളോ ഉള്ളപ്പോള്‍ ദിവസം 1000 രൂപയും കേരളത്തിനു പുറത്ത് 1200 രൂപയും ദിനബത്തയുണ്ട്.

ഈ അലവന്‍സുകളും വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ.എം.എല്‍.എ.യ്ക്കും ജീവിതപങ്കാളിക്കും ചികിത്സയ്ക്കുള്ള ചെലവും ലഭിക്കും. ഇത് മുന്‍ എം.എല്‍.എ.മാര്‍ക്കും ബാധകമാണ്. പുസ്തകം വാങ്ങാന്‍ വര്‍ഷം 15,000 രൂപയനുവദിക്കും.

Exit mobile version