തിരുവനന്തപുരം: വിഴിഞ്ഞത്ത് തീരശോഷണം പഠിക്കാനുള്ള വിദഗ്ധ സമിതിയുടെ പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ചു. സമരം തീര്‍ന്ന് ഒരു മാസം പിന്നിടുമ്പോഴാണ് വിദഗ്ധ സമിതിയുടെ പരിഗണന വിഷയങ്ങളില്‍ തീരുമാനമായത്. ഏതൊക്കെ പ്രദേശങ്ങളില്‍ തുറമുഖ നിര്‍മാണം മൂലം തീരശോഷണമുണ്ടായി, പരിഹാര മാര്‍ഗങ്ങള്‍ തുടങ്ങിയവയാണ് സമിതിക്കുള്ള സര്‍ക്കാര്‍ നിശ്ചയിച്ച പരിഗണനാ വിഷയങ്ങള്‍.
വിഴിഞ്ഞം തുറമുഖ നിര്‍മാണ കാലയളവില്‍, പദ്ധതി ബാധിത പ്രദേശത്ത് തീരശോഷണം ഉണ്ടായിട്ടുണ്ടോ, ഉണ്ടായെങ്കില്‍ ഏത് അറ്റം വരെ, പരിഹാര മാര്‍ഗങ്ങള്‍, വിഴിഞ്ഞം തുറമുഖ നിര്‍മാണം മൂലം മത്സ്യബന്ധനമേഖലയിലും സമുദ്ര ആവാസവ്യവസ്ഥയിലും ഉണ്ടായ മാറ്റങ്ങള്‍ എന്നിവയാണ് വിദഗ്ധ സമിതി പഠിക്കുക.
ബന്ധപ്പെട്ട കക്ഷികളുമായി വിദഗ്ധ സമിതി ചര്‍ച്ച നടത്തി നാല് മാസത്തിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ടും.ആറ് മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കണം
എന്നാല്‍ പദ്ധതി ബാധിത പ്രദേശം എന്നല്ലാതെ തീരശോഷണം പഠിക്കേണ്ട ദൂരം ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടില്ല. പഠിക്കേണ്ട ദൂരം വിദഗ്ദ്ധ സമിതിക്ക് നിശ്ചയിക്കാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കൃത്യമായി ദൂരം രേഖപ്പെടുത്താത്തത് തീരശോഷണം രൂക്ഷമായ മേഖലകളെ പഠനത്തില്‍ നിന്ന് ഒഴിവാക്കാന്‍ വേണ്ടിയെന്ന ആശങ്കയാണ് സമര സമിതി ഉന്നയിക്കുന്നത്.
ഒക്ടോബര്‍ ആദ്യമാണ് തീരശോഷണം പഠിക്കാനുള്ള വിദഗ്ധ സമിതിയെ രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്റ്റേഷന്റെ മുന്‍ അഡി. ഡയറക്ടര്‍ എം.ഡി.കുന്ദലെയാണ് സമിതിയുടെ അധ്യക്ഷന്‍. സര്‍ക്കാര്‍ നിശ്ചയിച്ച സമിതിക്ക് ബദലായി ലത്തീന്‍ അതിരൂപത നിയോഗിച്ച വിദഗ്ധ സമിതിയും പഠനം തുടരുകയാണ്.