തിരുവനന്തപുരം: ഒരു കാലത്ത് ഉപേക്ഷിച്ച അന്ധവിശ്വാസവും അനാചാരങ്ങളും തിരിച്ചു കൊണ്ടുവരാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്ന് കേരള മുഖ്യമന്ത്രിയും സിപിഎം പിബി അംഗവുമായ പിണറായി വിജയന്‍. പലതിനും ഇരയാകുന്നത് സ്ത്രീകളാണെന്നും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തില്‍ സ്ത്രീകളുടെ അവകാശം ഇല്ലാതാക്കാനും ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അക്രമിയെ കുറ്റപ്പെടുത്തുന്നതിന് പകരം അക്രമത്തിന് ഇരയായ സ്ത്രീയെ കുറ്റപ്പെടുത്താന്‍ ശ്രമം കാണുന്നു. കുറ്റവാളികളെ സംഘപരിവാര്‍ മഹത്വവല്‍കരിക്കുന്നു. ഫത്വ കേസിലെ പ്രതികള്‍ക്ക് വേണ്ടി റാലി തന്നെ സംഘടിപ്പിച്ചുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. ദേശീയ പൗരത്വ നിയമ ഭേദഗതിയെ അദ്ദേഹം വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാര്‍ ഒരു വിഭാഗം ജനത്തെ ഭീതിയിലാഴ്ത്തുന്ന നിലപാട് സ്വീകരിക്കുന്നു. മുസ്ലിം വിഭാഗമാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ടത്. ഹരിയാനയില്‍ നമസ്‌കാരം അനുഷ്ഠിച്ച മുസ്ലിങ്ങള്‍ക്ക് നേരെ ബജ്‌റംഗ്ദള്‍ ആക്രമണം നടത്തിയത് പഴയ കാര്യമല്ല.