അഞ്ജുശ്രീയുടെ മരണം എലിവിഷം ഉള്ളില്‍ച്ചെന്നെന്ന് റിപ്പോര്‍ട്ട്

പരിയാരം: കാസര്‍കോട് കോളജ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ വീണ്ടും നിര്‍ണായക വഴിത്തിരിവ്. മരണം സംഭവിച്ചത് ഭക്ഷ്യ വിഷബാധയേറ്റല്ലെന്നും എലിവിഷം അകത്തു ചെന്നാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

പരിയാരം മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥിനിയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.ശരീരത്തില്‍ വിഷാംശം കണ്ടെത്തിയിട്ടുണ്ട്. ഇതു കരളിനെ ബാധിച്ചതിനെത്തുടര്‍ന്നാണു മരണമെന്നു പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

പേസ്റ്റ് രൂപത്തിലുള്ള എലിവിഷത്തിന്റെ ലക്ഷണമാണ് ഇതില്‍ സൂചിപ്പിച്ചത്.എലിവിഷത്തെ കുറിച്ച് മൊബൈലില്‍ സെര്‍ച്ച് ചെയ്തതിന്റെ വിവരങ്ങളും ഒരു കുറിപ്പും പൊലീസ് കണ്ടെത്തി.

അതേ സമയം രാസ പരിശോധന റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ ഔദ്യോഗികമായി സ്ഥിരികരിക്കുകയുള്ളു.അഞ്ജുശ്രീ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ 5.15നാണു മരിച്ചത്.

ഹോട്ടലില്‍നിന്ന് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തുവരുത്തിയ ഭക്ഷണം കഴിച്ചശേഷമായിരുന്നു മരണമെന്നു ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.ഹോട്ടല്‍ ഉടമയെയും രണ്ട് ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

വിദ്യാര്‍ഥിനിയുടെ മരണം ഭക്ഷ്യ വിഷബാധയേറ്റല്ലെന്നു അറിഞ്ഞതോടെ ഇവരെ വിട്ടയച്ചു. ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാവിഭാഗവും ഹോട്ടല്‍ അടപ്പിച്ചു ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. മഞ്ചേശ്വരം ഗോവിന്ദ പൈ ഗവ.കോളജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായിരുന്നു അഞ്ജുശ്രീ.

Exit mobile version