കൊല്ലം: ആഭ്യന്തര സെക്രട്ടറി വി വേണുവും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. ഔദ്യോഗിക വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ആലപ്പുഴ കായംകുളത്ത് വെച്ചാണ് അപകടമുണ്ടായത്. ആഭ്യന്തര സെക്രട്ടറി വി.വേണു, ഭാര്യ ശാരദ മുരളീധരൻ, മകൻ ശബരി, ഡ്രൈവർ അഭിലാഷ്, കുടുംബ സുഹൃത്തുക്കളായ പ്രണവ്, സൗരവ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു കുടുംബം. കൊറ്റുകുളങ്ങരയ്ക്ക് സമീപം എറണാകുളം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ വേണുവിൻ്റെ മൂക്കിനും വയറിനും പരിക്കേറ്റിട്ടുണ്ട്. ആന്തരിക രക്തസ്രാവവുമുണ്ട്. പരുമല ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോൾ വേണു. കാറിലുണ്ടായിരുന്ന എല്ലാവർക്കും പരിക്കേറ്റെങ്കിലും മറ്റാർക്കും കാര്യമായ പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം പൂർണമായി തകർന്നു.
Discussion about this post