കണക്കുകളില്‍ തട്ടിപ്പ് കാണിച്ച നാല് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: സ്പോര്‍ട്‌സ് ഹോസ്റ്റലിലെ കുട്ടികള്‍ക്കുള്ള മെസ് ചെലവുകളിലും മറ്റും വലിയതോതില്‍ കൃത്രിമം കണ്ടെത്തിയതിനെ തുടര്‍ന്ന് കൊല്ലം ജില്ലാ സ്പോട്സ് കൗണ്‍സിലിലെ 4 ജീവനക്കാരെ സസ്പെന്റ് ചെയ്തു. ജില്ലാ സ്പോട്സ് കൗണ്‍സില്‍ മുന്‍ സെക്രട്ടറിഅമല്‍ജിത്ത് കെ എസ്, നിലവിലെ സെക്രട്ടറി രാജേന്ദ്രന്‍ നായര്‍ എസ്, യു ഡി ക്ലര്‍ക്ക് നിതിന്‍ റോയ്, ഓഫീസ് അറ്റന്‍ഡന്റ് ഉമേഷ് പി എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തിയത്. സമഗ്രമായ അന്വേഷണത്തിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.
കഴിഞ്ഞ മാസം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം സ്പോട്സ് കൗണ്‍സിലില്‍ പരിശോധന നടന്നത്.

മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന സ്പോട്സ് കൗണ്‍സില്‍ സെക്രട്ടറിയും അസിസ്റ്റന്റ് സെക്രട്ടറി (ഫിനാന്‍സ്) യും 05.01.2023 ന് പരിശോധന നടത്തി. മെസ് നടത്തിപ്പുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ബില്ലുകളില്‍ വലിയ ക്രമക്കേടാണ് കണ്ടെത്തിയത്. നിലവിലില്ലാത്ത സ്ഥാപനങ്ങളുടെ പേരില്‍ സാധനം വാങ്ങിയതായി നിരവധി ബില്ലുകള്‍ ഉണ്ടാക്കി. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ ബില്ലുകളാണ് സംസ്ഥാന സ്പോട്സ് കൗണ്‍സിലില്‍ സമര്‍പ്പിച്ചിരുന്നത്.

 

Exit mobile version