നരബലി കേസ്: ‘പ്രതികള്‍ മനുഷ്യമാംസം കഴിച്ചു’, പദ്മയുടെ കൊലപാതകത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ ഇലന്തൂര്‍ നരബലിയില്‍ പത്മ കൊലക്കേസിലെ കുറ്റപത്രം കൊച്ചി സിറ്റി പൊലീസ് സമര്‍പ്പിച്ചു. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ 166 സാക്ഷികളുടെ മൊഴികളാണ് 1600 പേജുകളുള്ള കുറ്റപത്രത്തിലുള്ളത്. മുഖ്യപ്രതി ഷാഫിയടക്കം മൂന്ന് പ്രതികളും മനുഷ്യമാംസം കഴിച്ചുവെന്ന് കുറ്റപത്രത്തിലുണ്ട്.

കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച നരബലി കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി 89 ആം ദിവസമാണ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. തമിഴ്‌നാട് സ്വദേശിനി പദ്മയെ ഇലന്തൂരില്‍ കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ മുഹമ്മദാ ഷാഫിയാണ് ഒന്നാം പ്രതി. ഇലന്തൂരിലെ ഭഗവല്‍ സിംഗ്, ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. സാമ്പത്തിക അഭിവൃദ്ധിക്കും ഐശ്വര്യത്തിനും നരബലി നടത്തണമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഷാഫി ഇലന്തൂരിലെ ഭഗവത്സിംഗിനെ സമീപിക്കുന്നത്. ഇതിലെ ചാറ്റും മറ്റ് ഡിജിറ്റല്‍ തെളിവുകളുമുണ്ട്. കൊലപാതകം, ഗൂഡാലോചന തട്ടിക്കൊണ്ടുപോകല്‍, മൃതദേഹത്തോട് അനാദരവ്, പീഡനം, മോഷണം തുടങ്ങിയ ക്കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രതികള്‍ മനുഷ്യമാംസം കഴിച്ചതിനും തെളിവുകള്‍ നിരത്തുന്നു. പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ആപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നും കുറ്റപത്രത്തിലുണ്ട്

 

Exit mobile version