നയന കേസ്: കൊലപാതകമെന്ന് സംശയമെന്ന് എഡിജിപി, കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി

തിരുവനന്തപുരം : ചലച്ചിത്ര സംവിധായിക നയനയുടെ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി എഡിജിപി എം ആര്‍ അജിത്ത് കുമാര്‍. കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. നയനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. വിശദമായ അന്വേഷണം ആവശ്യമാണ്. നയന സ്വയം പരിക്കേല്‍പ്പിച്ചുവെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍വാതില്‍ അടച്ചിരുന്നുവെങ്കിലും ബാല്‍ക്കണി വാതില്‍ വഴി ഒരാള്‍ക്കു രക്ഷപ്പെടാനുള്ള സാധ്യതയുണ്ട്. ആദ്യ അന്വേഷണത്തിലുണ്ടായത് ഗുരുതര വീഴ്ചയാണെന്നും ഡിസിആര്‍ബി അസി.കമ്മീഷണറുടെ അന്വേഷണത്തിലാണ് കണ്ടെത്തല്‍.

മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ പരിശോധിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെയോ ക്രൈം ബ്രാഞ്ചിനെയോ നിയോഗിക്കും. നയനയുടെ മരണ കാരണം കഴുത്തിനേറ്റ പരിക്കാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ദുരൂഹതകള്‍ കൂടിയത്. ഇതേ തുടര്‍ന്നാണ് ഡിസിആര്‍ബി അസി.കമ്മീഷണര്‍ തുടരന്വേഷണ സാധ്യത പരിശോധിച്ചത്. നയനയുടേത് കൊലപാതകമല്ലെന്നും, നയനക്ക് സ്വയം പരിക്കേല്‍പ്പിക്കുന്ന പ്രത്യേകതരം മാനസിക അസ്വാസ്ഥ്യമുണ്ടെന്നുമായിരുന്നു മ്യൂസിയം പൊലീസിന്റെ നിരീക്ഷണം. ഫൊറന്‍സിക് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു മ്യൂസിയം പൊലീസിന്റെ വിലയിരുത്തല്‍.

 

 

Exit mobile version