ഡൽഹി: സർവകലാശാല ഭേദഗതി ബില്ലും ലോകായുക്ത ബില്ലും രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കാനൊരുങ്ങി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാല ഭേദഗതി ബിൽ തന്നെക്കൂടി ബാധിക്കുന്ന വിഷയമായതിനാൽ മുകളിലുള്ളവർ തീരുമാനിക്കട്ടേയെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരിക്കുന്നത്. എന്നാൽ ബിൽ രാഷ്ട്രപതിക്ക് അയയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.
ഗവർണറും സർക്കാരും തമ്മിലുള്ള പോര് രമ്യമായി പരിഹരിക്കാൻ സാഹചര്യമൊരുങ്ങുന്നു എന്ന വിലയിരുത്തലുകൾക്ക് തൊട്ടുപിന്നാലെയാണ് സർവകലാശാല ഭേദഗതി ബിൽ രാഷ്ട്രപതിക്ക് അയയ്ക്കാനുള്ള ഗവർണറുടെ അപ്രതീക്ഷിത നീക്കം. ബിൽ രാഷ്ട്രപതിക്ക് അയച്ചാൽ അതിനെ നിയമപരമായി നേരിടുമെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.
മറ്റ് 16 ബില്ലുകളും അംഗീകരിച്ചെങ്കിലും സർവകലാശാല ഭേദഗതി ബില്ലിൽ ഒപ്പിടാൻ ഗവർണർ തയാറായിരുന്നില്ല. ബിൽ രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് മുൻപ് തന്നെ ഗവർണർ സൂചന നൽകിയിരുന്നു. കൃത്യമായ നിയമോപദേശം കൂടി നേടിയ ശേഷമാണ് ബിൽ രാഷ്ട്രപതിക്ക് അയയ്ക്കാൻ ഗവർണർ ഒരുങ്ങുന്നതെന്നാണ് വിവരം. എന്നാൽ ബിൽ ഏതെങ്കിലും കേന്ദ്രനിയമത്തെ ഹനിക്കുന്നത് അല്ലാത്തതിനാൽ ബിൽ രാഷ്ട്രപതിക്ക് അയയ്‌ക്കേണ്ട സാഹചര്യം നിലനിൽക്കുന്നില്ലെന്നാണ് സർക്കാരിന്റെ വാദം.
Discussion about this post