ഹല്‍ദ്വാനിയിലെ കൂട്ട കുടിയൊഴിപ്പിക്കലിന് തടയിട്ട് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലെ കൂട്ട കുടിയൊഴിപ്പിക്കലിന് സുപ്രീം കോടതി സ്‌റ്റേ. റെയില്‍വേ സ്‌റ്റേഷന് സമീപത്ത് താമസിക്കുന്ന അമ്പതിനായിരത്തോളം പേരെ ഒരാഴ്ചക്കുള്ളില്‍ കുടിയൊഴിപ്പിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശമാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തത്.

വിഷയം മാനുഷികമാണെന്നും കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസം ഉള്‍പ്പെടെ ഉറപ്പ് വരുത്തേണ്ടതാണെന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അമ്പതു വര്‍ഷത്തോളമായി കോളനിയില്‍ ജീവിക്കുന്നവരുണ്ട്. ചിലരുടെ പക്കല്‍ പട്ടയമുണ്ട്. എഴുപതു വര്‍ഷമായി ഒരുപ്രദേശത്ത് താമസിക്കുന്നവരെ കുടിയൊഴിപ്പിക്കുമ്പോള്‍ അവരുടെ പുനരധിവാസം ഉറപ്പാക്കേണ്ടതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. വിഷയത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിനും റെയില്‍വേക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ഫെബ്രുവരി ഏഴിന് ഹര്‍ജി വീണ്ടും പരിഗണിക്കും.

ഉത്തരാണ്ഡിലെ ഹല്‍ദ്വാനി റെയില്‍വേ സ്റ്റേഷന് സമീപം ബാന്‍ഭൂല്‍പുര പ്രദേശത്ത് താമസിക്കുന്ന 4000ത്തിലധികം കുടുംബങ്ങളാണ് ഒരു കോടതി വിധിയെത്തുടര്‍ന്ന് കിടപ്പാടം നഷ്ടമാകുന്ന അവസ്ഥയില്‍ എത്തിയിരുന്നത്. ഇവര്‍ താമസിക്കുന്ന ഭൂമി റെയില്‍വേയുടെ ഉടമസ്ഥതയിലുള്ളതാണെന്ന ഹൈക്കോടതി വിധിയാണ് പ്രശ്‌നങ്ങളുടെ തുടക്കം. പത്ത് വര്‍ഷത്തോളം നീണ്ട കേസിലാണ് റെയില്‍വേയ്ക്ക് അനുകൂലമായി ഡിസംബര്‍ 20ന് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.

പ്രദേശവാസികള്‍ക്ക് ഒരാഴ്ച്ച സമയം നല്‍കിയതിന് ശേഷം വീടുകളും മറ്റ് കെട്ടിടങ്ങളും പൊളിച്ചുമാറ്റാനാണ് ഹൈക്കോടതി റെയില്‍വേയ്ക്കും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ പ്രദേശവാസികള്‍ ഒഴിഞ്ഞു പോയില്ലെങ്കില്‍ പോലീസിനെയും അര്‍ദ്ധസൈനിക വിഭാഗത്തെയും ഉപയോഗിച്ച് നിര്‍ബന്ധിതമായി ഒഴിപ്പിക്കണമെന്നും ഹൈക്കോടതി വിധിയില്‍ പറഞ്ഞിരുന്നു.
ബാന്‍ഭൂല്‍പുര പ്രദേശവാസികളോട് കൈവശമുള്ള എല്ലാ ലൈസന്‍സുള്ള ആയുധങ്ങളും ഒഴിപ്പിക്കലിന് മുന്‍പ് ഭരണകൂടത്തിന് മുന്നില്‍ ഹാജരാക്കാനും നിര്‍ദേശമുണ്ടായിരുന്നു. തുടര്‍ന്ന് കോടതി വിധിയില്‍ പ്രതിഷേധിച്ച് ആയിരത്തോളം പേര്‍ മെഴുകുതിരി കത്തിച്ച് തെരുവില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

Exit mobile version