ജമ്മുവിൽ സാധാരണക്കാരെ ഭീകരർ വധിക്കുന്നത് വർധിക്കുന്നതായി റിപ്പോർട്ട്

പൂഞ്ച്, രജൗരി ജില്ലകളിൽ 1,800 സൈനികരെ വിന്യസിക്കും

ന്യൂഡൽഹി: ജമ്മു കശ്മീരിൽ തീവ്രവാദികൾ സാധാരണക്കാരെ വധിക്കുന്നത് വർധിച്ചതോടെ കൂടുതൽ സേനയെ വിന്യസിക്കാൻ കേന്ദ്രം. 18 കമ്പനി സിആർപിഎഫ് ജവാൻമാരെ കൂടി ജമ്മു കശ്മീരിലേക്ക് അയയ്ക്കുന്നു. പൂഞ്ച്, രജൗരി ജില്ലകളിൽ 1,800 സൈനികരെ വിന്യസിക്കും. ജമ്മുകശ്മീരിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള എട്ട് കമ്പനി സൈനികർ ഉടൻ ഇവിടെയെത്തും. 10 കമ്പനിയെ ഡൽഹിയിൽ നിന്ന് അയയ്ക്കും.

ജമ്മു മേഖലയിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിലാണ് കൂടുതൽ സൈനികരെ വിന്യസിക്കുന്നത്. ഞായറാഴ്ച വൈകുന്നേരവും തിങ്കളാഴ്ച രാവിലെയുമായി രജൗറിയിലെ ദാഗ്രി ഗ്രാമത്തിലുണ്ടായ ആക്രമണങ്ങളിൽ രണ്ട് കുട്ടികളടക്കം ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പലയിടത്തും സ്ഫോടക വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. രണ്ട് ആക്രമണങ്ങളിലുമായി 12 പേർക്ക് പരിക്കേറ്റു.

ഞായറാഴ്ച വൈകുന്നേരമാണ് സമീപത്തെ വീടുകൾക്ക് നേരെ ഭീകരർ വെടിയുതിർത്തത്. രണ്ട് ഭീകരർ നടത്തിയ ആക്രമണത്തിൽ 4 പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെയുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. രണ്ടാഴ്ച മുമ്പ് സൈനിക ക്യാമ്പിന് സമീപമുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു.

Exit mobile version