ന്യൂഡൽഹി; കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ജനപ്രിയ സ്ഥാനാർഥികളെ തേടുന്നു. സിനിമ, കായിക രംഗങ്ങളിലെ സൂപ്പർ താരങ്ങളെയും സാഹിത്യ, കലാ രംഗങ്ങളിലെ പ്രമുഖരെയുമാണു ലക്ഷ്യമിടുന്നത്. മിഷൻ സൗത്ത് ഇന്ത്യയുടെ ഭാഗമായി കേരളത്തിനു പുറമേ തമിഴ്നാട്, തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളിലും സമാന തന്ത്രം സ്വീകരിക്കും. ഹൈദരാബാദ് ദേശീയ എക്സിക്യൂട്ടീവിൽ ദക്ഷിണേന്ത്യയിൽ സംഘ്‌പരിവാർ കേഡറുകൾക്കപ്പുറത്തെ വോട്ടുകൾ കൂടി സമാഹരിക്കാൻ നിർദേശമുയർന്നിരുന്നു.
കേരളത്തിൽ ദേശീയ നേതൃത്വം പ്രത്യേക ശ്രദ്ധ നൽകുന്ന തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, പാലക്കാട്, തൃശൂർ, മാവേലിക്കര മണ്ഡലങ്ങളിലും സംസ്ഥാന നേതൃത്വം പ്രതീക്ഷ പുലർത്തുന്ന കൊല്ലം, കാസർകോട്, ആലപ്പുഴ, കോഴിക്കോട് മണ്ഡലങ്ങളിലും മികവുറ്റ സ്ഥാനാർഥികളെ നിർത്താനാണു ശ്രമം. 10 മണ്ഡലങ്ങളിലെങ്കിലും പാർട്ടി വോട്ടുകൾക്കപ്പുറത്തേക്ക് ജനപ്രീതിയുള്ള സ്ഥാനാർഥികളെ നിർത്തുമെന്ന് പ്രമുഖ നേതാവ് പറഞ്ഞു. ഇതിനായി ചില സൂപ്പർതാരങ്ങളെയും കായികതാരങ്ങളെയും സമീപിച്ചിട്ടുണ്ട്. ഒക്ടോബറോടെ തീരുമാനമറിയിക്കാനാണ് അവരോട് അഭ്യർഥിച്ചിരിക്കുന്നത്.
https://youtu.be/jRQNBhQxrFQ
കേന്ദ്രമന്ത്രിമാരായ വി.മുരളീധരൻ, രാജീവ് ചന്ദ്രശേഖർ എന്നിവരും കേരളത്തിൽ മത്സരിക്കാനിടയുള്ളവരാണ്. തിരഞ്ഞെടുപ്പു കാരണം സംഘടനാ തിരഞ്ഞെടുപ്പ് 2024 ജൂൺ വരെ നിർത്തിവച്ചിരിക്കുകയാണ്. സമൂല മാറ്റം നേതൃനിരയിലുണ്ടാകില്ലെന്നാണു സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും തന്നെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കു ചുക്കാൻ പിടിക്കും. കേരളത്തിൽ ഇതുവരെ 25 ലക്ഷത്തോളം വീടുകളിൽ പാർട്ടി പ്രചാരണ സമ്പർക്ക പരിപാടി നടത്തിയതായും നേതാവ് പറഞ്ഞു.