കോഴിക്കോട്: 61-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. മുഖ്യവേദിയായ വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനിയിലെ ‘അതിരാണിപ്പാട’ത്താണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്.
എണ്ണംകൊണ്ട് 61 ആണെങ്കിലും സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഐക്യകേരളത്തിന്റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാറുന്ന കാലത്തിലേക്ക് പിടിച്ച കണ്ണാടിയാവുകയാണ് സ്കൂള്‍ കലോത്സവം. ആ അര്‍ഥത്തില്‍ നോക്കിയാല്‍ വിദ്യാര്‍ഥിയുടെ കലാപ്രകടനങ്ങള്‍ അരങ്ങേറുന്ന വേദി എന്നതിനപ്പുറം സാമൂഹിക വിമര്‍ശനത്തിന്റെയും നവീകരണത്തിന്റെയും ചാലു കീറുന്നതിനായി പുതുതലമുറ വിവിധ കലകളെ ഉപയോഗപ്പെടുത്തുന്ന സാംസ്കാരിക കൂട്ടായ്മയായി കലോത്സവം മാറുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
https://youtu.be/jRQNBhQxrFQ
കല പ്രകടിപ്പിക്കാനുള്ള വേദി മാത്രമല്ല ഇത്. കലയിലൂടെ സാമൂഹിക വിമര്‍ശനങ്ങള്‍ ഉയര്‍ത്തിക്കാണിക്കാന്‍നുള്ള വേദികൂടി ആണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുകൊണ്ട് തന്നെയാണ് ഏഷ്യയില്‍ തന്നെ ഏറ്റവും വലിയ കലാമേളയായി സംസ്ഥാന സ്കൂള്‍ കലാമേള ശ്രദ്ധിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.14,000-ത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന മേളയായതിനാല്‍ എല്ലാവര്ക്കും സമ്മാനം നേടാന്‍ ആവില്ലെന്നും പങ്കെടുക്കാന്‍ പറ്റുന്നത് വലിയ നേട്ടമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷിതാക്കള്‍ നേരത്തെ വലിയ മത്സരബുദ്ധിയാണ് കാണിച്ചിരുന്നത്. തന്റെ കുട്ടിയല്ല, ഏതു കുട്ടി നന്നായി പരിപാടി അവതരിപ്പിച്ചാലും അത് ആസ്വദിക്കാനും അംഗീകരിക്കാനുമുള്ള മനസ്സ് രക്ഷിതാക്കള്‍ക്ക് ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിളങ്ങി നില്ക്കുന്ന കലകള്‍ മാത്രമല്ല, അന്യംനിന്നു പോകുന്ന കലകള്‍ അരങ്ങില്‍ എത്തിക്കാന്‍ ഉള്ള വേദി കൂടിയാണ് കലോത്സവം. കോവിഡിന് ശേഷം ഉള്ള കലാ സാംസ്കാരിക കൂട്ടായ്മയുടെ തിരിച്ചുവരവാകട്ടെ ഈ കലോത്സവമെന്നും മുഖ്യമന്ത്രി ആശംസിച്ചു. കോവിഡ് പല രാജ്യങ്ങളിലും വീണ്ടും വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. നമുക്ക് മാത്രം അതില്‍നിന്നു വേറിട്ട് നില്ക്കാന് കഴിയുമോയെന്ന് അറിയില്ല അതുകൊണ്ട് മുന്‍പ് സ്വീകരിച്ച എല്ലാ മുന്‍കരുതലുകളും തുടരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
കോവിഡ് ഉണ്ടാക്കിയ ആഘാതത്തിന് ശേഷം എല്ലാ മേഖലയിലും പുനര്‍വിചിന്തനം ഉണ്ടാവുന്നുണ്ടെന്നും അത് കലാരംഗത്തുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കലയെ കാരുണ്യത്തിനുള്ള ഉപാധി ആയി കാണുന്നതിനുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ വീണ്ടും നടക്കുന്നുണ്ട്. ഇത്തരം ചര്‍ച്ചകളും ചിന്തകളും ലോകത്ത് ആദ്യത്തേതല്ല. ഇടക്കാലത് വാണിജ്യവത്കരണത്തിന്റെ കുത്തൊഴുക്കില്‍ പെട്ടുപോയതാണ് കല. കലയെ വീണ്ടും കാരുണ്യോപാധി ആയി കാണാനുള്ള ശ്രമത്തിലാണ് സമൂഹം ഇപ്പോള്‍ ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാളത്തെ സമൂഹത്തിലെ പുരോഗമന ചിന്താഗതിക്കാര്‍ ആണ് ഇന്നത്തെ കലകാരന്മാര്. കുട്ടികള്‍ക്ക് കലയെ പ്രോത്സാഹിപ്പിക്കാന്‍ ഉതകുന്ന രീതിയിലുള്ള വിദ്യാഭ്യാസം വിദ്യാലയങ്ങളില്‍നിന്ന് നല്‍കും. ഒപ്പം കുട്ടികളുടെ സാമൂഹികസുരക്ഷ കൂടി സര്‍ക്കാര്‍ ഉറപ്പാക്കും. ലഹരി എന്ന മാരകവിപത്തിന് എതിരെയുള്ള പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടം കൂടി ആവണം സ്കൂള്‍ കലോത്സവമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്കൂള്‍ കലോത്സവ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ആയത് ഏറ്റവും വലിയ ഭാഗ്യമാണെന്ന് മുഖ്യാതിഥി ആശ ശരത് പറഞ്ഞു. ഈ വേദിയില്‍ എത്തിയാല്‍തന്നെ നിങ്ങള്‍ വിജയികളായി എന്നാണ് അര്‍ഥമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അത്ര മാത്രം കഠിനാധ്വാനം ചെയ്താണ് ഓരോ കുട്ടിയും ഈ വേദിയില്‍ എത്തുന്നത്. താന്‍ കേരളത്തില്‍ നൃത്തം പഠിപ്പിച്ചിരുന്ന കാലത്ത് ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം എന്നിങ്ങനെ ആയിരുന്നു. അതില്‍നിന്ന് മാറ്റം വരുത്തി മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് എ ഗ്രേഡ് നല്കാന് ഉള്ള തീരുമാനം എടുത്തതില്‍ സര്‍ക്കാരിനോട് നന്ദിയുണ്ട്. ഇത് കുട്ടികളില്‍ മത്സരബുദ്ധി കുറയ്ക്കാന്‍ കാരണം ആയിട്ടുണ്ട്. അടുത്ത വര്‍ഷം കലോത്സവത്തിന് നൃത്തം ചിട്ടപ്പെടുത്താന്‍ താനുമുണ്ടാവുമെന്നും ഈ ആഗ്രഹം അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും ആശ കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. സ്പീക്കര്‍ എ.എന്‍. ഷംസീര്‍, പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ്, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. നര്‍ത്തകിയും സിനിമാതാരവുമായ ആശ ശരത് മുഖ്യാതിഥിയായിരുന്നു. സ്വാഗതഗാനം രചിച്ച പി.കെ. ഗോപി, കൊടിമരം-കലാവിളക്ക് എന്നിവ നിര്‍മിച്ച കലാകാരന് പരാഗ്, സ്വാഗതഗാനം കൊറിയോഗ്രാഫര്‍ കനക ദാസ്, ലോഗോ തയ്യാറാക്കിയ മുഹമ്മദ് റാഷിദ്, ദൃശ്യവിസ്മയം അവതരിപ്പിച്ചവര്‍ എന്നിവര്‍ക്കുള്ള ഉപഹാരങ്ങളും ഉദ്ഘടന ചടങ്ങില്‍ സമ്മാനിച്ചു.
Discussion about this post