ന്യൂഡല്‍ഹി: തദ്ദേശീയ കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഈ വർഷം മുതൽ സ്കൂളുകളിൽ ‘ഭാരതീയ ഗെയിംസ്’ നടത്തുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ ഇന്ത്യൻ നോളജ് സിസ്റ്റം (ഐ.കെ.എസ്) വകുപ്പ് തയ്യാറാക്കിയ രേഖ പ്രകാരമാണ് പദ്ധതി.
മേൽനോട്ടം വഹിക്കാൻ ഓരോ സ്കൂളിലും ഒരു അധ്യാപകനെ നിയമിക്കും. കായികാധ്യാപകർക്കാണ് മുൻഗണന. ഓരോ സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന അധ്യാപകന്‍റെ വിശദാംശങ്ങൾ ഐ.കെ.എസ് വെബ് സൈറ്റിൽ അപ് ലോഡ് ചെയ്യണം. ഐ.കെ.എസ് അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും. പരിശീലനം പൂർത്തിയാക്കുന്ന അധ്യാപകർക്ക് മാത്രമേ കുട്ടികളെ പരിശീലിപ്പിക്കാൻ കഴിയൂ. സ്കൂളുകൾ തമ്മിൽ മത്സരം സംഘടിപ്പിക്കുമെന്ന് ഐ.കെ.എസ് അറിയിച്ചു.
രാജ്യത്തിന്‍റെ തനത് കായിക ഇനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഭാരതീയ ഗെയിംസ്. കബഡി പോലുള്ള കായിക ഇനങ്ങൾ ഇനി സ്കൂളുകളിൽ പാഠ്യപദ്ധതിയുടെ വിഷയമാകും. പദ്ധതി പ്രകാരമുള്ള ആദ്യ ഇന്‍റർ-സ്കൂൾ മത്സരം ജനുവരിയിൽ നടക്കുമെന്ന് ഐ.കെ.എസ് ദേശീയ കോർഡിനേറ്റർ ഗന്തി എസ് മൂർത്തി പറഞ്ഞു.
Discussion about this post