തിരുവനന്തപുരം: കോര്‍പ്പറേഷനിലെ നിയമനക്കത്ത് വിവാദത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ട് അഞ്ച് ഹാര്‍ഡ് ഡിസ്‌കുകള്‍ ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തു. മേയര്‍ ആര്യ രാജേന്ദ്രന്റെ ഓഫീസിലേത് ഉള്‍പ്പെടെയുള്ള ഹാര്‍ഡ് ഡിസ്‌കുകളാണ് അന്വേഷണസംഘം പിടിച്ചെടുത്തത്. സി.പി.എം. നേതാവും സ്ഥിരംസമിതി അധ്യക്ഷനുമായിരുന്ന ഡി.ആര്‍. അനിലിന്റെ മൊബൈല്‍ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌കുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചതായാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. നിയമനക്കത്തിന്റെ ഉറവിടം ഇതിലൂടെ കണ്ടെത്താനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.
നിയമനക്കത്ത് വിവാദത്തില്‍ കഴിഞ്ഞദിവസം വരെ ക്രൈംബ്രാഞ്ച് സംഘം കാര്യമായ അന്വേഷണമൊന്നും നടത്തിയിരുന്നില്ല. കേസില്‍ മേയറുടെയും ഡി.ആര്‍. അനിലിന്റെയും മൊഴികള്‍ നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇതിനുശേഷം അന്വേഷണം നിലച്ചമട്ടായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ഡി.ആര്‍. അനിലിനെ സ്ഥിരംസമിതി അധ്യക്ഷസ്ഥാനത്തുനിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് കത്തിന്റെ ഉറവിടം തേടിയുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തിനും ചൂടുപിടിച്ചിരിക്കുന്നത്.