മോക്ഡ്രില്ലിനിടെ മരിച്ച ബിനു സോമന്റ സംസ്ക്കാരം ഇന്ന്

പത്തനംതിട്ട: വെണ്ണിക്കുളത്ത് മോക്ക് ഡ്രില്ലിനിടെ അപകടത്തിൽ മരിച്ച ബിനു സോമന്‍റെ സംസ്കാരം ഇന്ന് നടക്കും. ശവസംസ്കാരം വൈകിട്ട് മൂന്നിന് കല്ലൂപ്പാറ പൊതുശ്മശാനത്തിൽ വച്ചാണ് നടക്കുക. മല്ലപ്പള്ളി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ 11ന് തുരുത്തിക്കാട്ടെ വീട്ടിലേക്ക് കൊണ്ടുപോകും. നാട്ടുകാരുടെ നേതൃത്വത്തിൽ ശവസംസ്കാരം നടക്കും.

മോക്ഡ്രിൽ നടത്തുന്നതിൽ വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിലെ ഗുരുതരമായ വീഴ്ചയാണ് യുവാവിന്‍റെ ജീവനെടുത്തത്. പരിപാടി സംഘടിപ്പിക്കാൻ വിളിച്ചുചേർത്ത കൂടിയാലോചനായോഗത്തിൽ തീരുമാനിച്ച സ്ഥലത്തല്ല മോക്ക് ഡ്രിൽ നടത്തിയത്. എൻഡിആർഎഫ് ഇടപെട്ട് സ്ഥലംമാറ്റിയ വിവരം ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാനായ ജില്ലാ കളക്ടറെ അറിയിച്ചില്ലെന്ന് കളക്ടർ മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

മോക് ഡ്രിൽ പദ്ധതി പ്രകാരം മൂന്ന് പേരെ ഫയർഫോഴ്സും ഒരാളെ എൻഡിആർഎഫും വെള്ളത്തിൽ നിന്ന് രക്ഷിക്കാനായിരുന്നു തീരുമാനം. ഇതനുസരിച്ച് ഫയർഫോഴ്സ് നാലുപേരിൽ മൂന്നുപേരെ കരയിലെത്തിച്ചു. നാലാമത്തെയാളെ രക്ഷപ്പെടുത്തേണ്ടത് എൻ.ഡി.ആർ.എഫാണെന്ന ധാരണയിൽ ഫയർഫോഴ്സ് രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു.

Exit mobile version