സുല്‍ത്താന്‍ബത്തേരി: വയനാട് വാകേരിയില്‍ അവശനിലയില്‍ കണ്ട കടുവ ചത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വനംവകുപ്പിന്റെ ലാബിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ചയാണ് കടുവയെ ജനവാസമേഖലയില്‍ കണ്ടത്. വനത്തില്‍ കടുവകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് പരിക്കുപറ്റിയതെന്നാണ് പ്രാഥമിക നിഗമനം.
പിന്‍കാലിന് പരിക്കേറ്റ കടുവ ദിവസങ്ങളായി ഭക്ഷണം കഴിക്കാത്തതിനെത്തുടര്‍ന്ന് അവശനിലയിലായിരുന്നു. നടക്കാന്‍പോലും ബുദ്ധിമുട്ട് നേരിട്ട കടുവയ്ക്ക്, കാട്ടിലേക്ക് കയറിപ്പോകാനുള്ള മതില്‍ ചാടിക്കടക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് കടുവ കാപ്പിത്തോട്ടത്തിലേക്ക് മാറിയിരുന്നു.
കാല്‍പ്പാടുകള്‍ പിന്തുടര്‍ന്നുപോയ സ്ഥലത്ത് കടുവയെ വനപാലകര്‍ കണ്ടെത്തിയിരുന്നു. മയക്കുവെടിവെച്ച് പിടികൂടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതോടെ വെള്ളിയാഴ്ച രാത്രിയോടെ സംഘം ദൗത്യം ഉപേക്ഷിച്ചു. ശനിയാഴ്ച രാവിലെ വീണ്ടും തോട്ടത്തിലെത്തിയ വനപാലകര്‍ കഴിഞ്ഞദിവസം കിടന്നിരുന്നിടത്ത് തന്നെ കടുവയെ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
വനത്തില്‍ കടുവകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ സാധാരണമാണെന്നും ഇപ്പോള്‍ ഇത്തരം ഏറ്റുമുട്ടല്‍ നടക്കുന്ന കാലമാണെന്നും വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍സഖറിയ അറിയിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ യഥാര്‍ഥ മരണകാരണം വ്യക്തമാകൂ.