‘റിസോര്‍ട്ടില്‍ തനിക്ക് നിക്ഷേപമില്ല, ഭാര്യക്കും മകനുമുണ്ട്, അനധികൃതമല്ല’: പാര്‍ട്ടിക്ക് മുന്നില്‍ വിശദീകരിച്ച് ഇ പി

തിരുവനന്തപുരം: കണ്ണൂര്‍ മോറാഴയിലെ റിസോര്‍ട്ട് വിവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിശദീകരണം നല്‍കി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. റിസോര്‍ട്ടില്‍ തനിക്ക് നിക്ഷേപമില്ലെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. ഭാര്യക്കും മകനും നിക്ഷേപമുണ്ട്, അത് അനധികൃതമല്ല. ഇരുവര്‍ക്കും പാര്‍ട്ടിയില്‍ ഔദ്യോഗിക പദവിയില്ലാത്തതിനാല്‍ പാര്‍ട്ടിയെ അറിയിച്ചില്ല. 12 വര്‍ഷം ബിസിനസ് ചെയ്ത വരുമാനമാണ് മകന്‍ നിക്ഷേപിച്ചത്. മകന്റെ നിര്‍ബന്ധപ്രകാരമാണ് ഭാര്യ നിക്ഷേപം നടത്തിയത്. രണ്ട് പേരുടെയും വരുമാന സ്രോതസ് പാര്‍ട്ടിക്ക് നല്‍കിയിട്ടുണ്ടെന്നും ഇ പി വിശദീകരിച്ചു.

അഴിമതി ആരോപണത്തില്‍ ഇപിക്കെതിരെ തല്‍ക്കാലം അന്വേഷണം വേണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിലപാട്. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെടുത്തി അഴിമതി ആരോപണങ്ങളെ മൗനം കൊണ്ട് നേരിട്ടാണ് ഇ പി ജയരാജന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയത്. അടുത്ത സംസ്ഥാന സമിതിയില്‍ ഇ പി ഇക്കാര്യങ്ങളെല്ലാം വിശദീകരിക്കും. തുടര്‍ ചര്‍ച്ചയും സംസ്ഥാന സമിതിയിലാണ് നടക്കുക.

 

Exit mobile version